തെന്നിന്ത്യന്‍ വനിതാ താരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. പുരുഷ താരങ്ങളെ പോലെ തന്നെ നിരവധി ആരാധകരും ബോക്സോഫീസ് പവറും നയന്‍താരയ്ക്ക് ഉണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നയന്‍താര ആരാധകര്‍ നിരാശയിലാണ്. നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളില്‍ പലതും ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഡയറക്ട് റിലീസ് ചെയ്യുന്നതാണ് ആരാധകരെ നിരാശയിലാഴ്ത്തുന്നത്.

നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ ടെസ്റ്റും ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മമ്മൂട്ടി നായകനായി പ്രേക്ഷകരെ ഞെട്ടിച്ച ഭ്രമയുഗം സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ടെസ്റ്റ്'. ശശികാന്തിന്റെ വൈനോട്ട് സ്റ്റുഡിയോസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സ്പോര്‍ട്സ് ത്രില്ലര്‍ ഡ്രാമയായാണ് 'ടെസ്റ്റ്' ഒരുങ്ങുന്നത്. നയന്‍താരയ്ക്കൊപ്പം മലയാളത്തിന്റെ സ്വന്തം മീരജാസ്മിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാധവന്‍, സിദ്ധാര്‍ത്ഥ്, കാളി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗായിക ശക്തി ശ്രീ ഗോപാല്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്. നേരത്തെ ഈ വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം മികച്ച ഓഫര്‍ ലഭിച്ചതോടെ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുക്കുത്തി അമ്മന്‍, നേട്രികണ്‍, ഒ2, എന്നീ ചിത്രങ്ങള്‍ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. അതേസമയം നിരവധി സിനിമകളാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. 'മാനങ്ങാട്ടിന്‍ സിന്‍സ് 1960', 'ഡിയര്‍ സ്റ്റുഡന്റസ്', 'മൂക്കുത്തി അമ്മന്‍ 2, തനി ഒരുവന്‍ 2 എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മികച്ച സിനിമകള്‍ ഒരുക്കിയ നിര്‍മ്മാണ കമ്പനികൂടിയാണ് വൈനോട്ട് സ്റ്റുഡിയോസ്. തമിഴ് പടം, കാതലില്‍ സോദപ്പത് യെപ്പടി, കാവ്യതലൈവന്‍, ഇരുധിസുട്രു, ഗെയിം, വിക്രം വേദ, മണ്ടേല, കടശീല ബിരിയാണി, ഭ്രമയുഗം തുടങ്ങിയവ വൈനോട്ട് സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രങ്ങളില്‍ ചിലതാണ്.