ചണ്ഡീഗഡ്: ബോളിവുഡ് നടിയും ലോക്സഭയിലെ ബിജെപി എംപിയുമായ കങ്കണ റണൗട്ട് ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം എമര്‍ജന്‍സിക്കെതിരെ പഞ്ചാബില്‍ വ്യാപക പ്രതിഷേധം.

സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയും സംസ്ഥാനത്ത് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) രംഗത്ത് എത്തി. പഞ്ചാബിലെ മുന്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) ചിത്രത്തിന്റെ റിലീസിനെ എതിര്‍ക്കുകയും. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി മാന്‍ ഭഗവന്തിനോട് ആവശ്യപ്പെടുകയും ചെയ്തു.

1975-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ട്രെയിലറില്‍ കൊല്ലപ്പെട്ട സിഖ് തീവ്രവാദി ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെ പ്രത്യേക സിഖ് സംസ്ഥാനത്തിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദിരാഗാന്ധിയുമായി കൂടികാഴ്ച നടത്തുന്നത് കാണിച്ചിരുന്നു. ഇതാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.

ഈ വര്‍ഷം ഫരീദ്‌കോട്ടില്‍ നിന്ന് സ്വതന്ത്ര എംപിയായി തിരഞ്ഞെടുക്കപ്പെട്ട സിഖ് നേതാവ് സരബ്ജിത് സിംഗ് ഖല്‍സയാണ് ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിനെതിരെ ആദ്യം എതിര്‍പ്പുമായി രംഗത്ത് എത്തിയത്.എമര്‍ജന്‍സി എന്ന ചിത്രം സിഖുകാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും. അത്തരം ചിത്രീകരണങ്ങള്‍ പഞ്ചാബിലെ സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും ഖല്‍സ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തിങ്കളാഴ്ച പറഞ്ഞു.

കങ്കണയാണ് ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നത്. അവരുടെ കമ്പനിയായ മണികര്‍ണിക ഫിലിംസ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ്. ചിത്രം സംവിധാനം ചെയ്തതും കങ്കണയാണ്.ചിത്രത്തിന്റെ ട്രെയിലര്‍ ഓഗസ്റ്റ് 14 ന് പുറത്തിറങ്ങിയിരുന്നു.ചിത്രം സെപ്റ്റംബര്‍ 6 ന് തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഇതിനിടെയാണ് പ്രതിഷേധം കനക്കുന്നത്.