- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത ആട്ടം പോതുമാ'; ആശുപത്രി വിട്ട് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ തലൈവര്‍; സഹപ്രവര്‍ത്തകര്‍ക്കൊപ്പം വേട്ടയ്യന് വിജയമാഘോഷിച്ച് രജനികാന്ത്
സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ചിത്രമായ 'വേട്ടയ്യ'ന്റെ വിജയം ആഘോഷിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സംഗീത സംവിധായകന്‍ അനിരുദ്ധ്, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍, ചിത്രത്തിന്റ നിര്‍മാതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് രജനികാന്ത് വിജയം ആഘോഷിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിനെ കുറച്ചുദിവസങ്ങള്‍ മുന്‍പാണ് ആശുപത്രി വിട്ടത്.
ആഗോളതലത്തില്‍ 240 കോടിക്ക് മുകളില്‍ ആണ് വേട്ടയ്യന്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് നല്ല കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 13 കോടിക്കും മുകളിലാണ് ചിത്രമിതുവരെ കേരളത്തില്‍ നിന്ന് നേടിയത്. ഇതോടെ വിജയ് ചിത്രമായ ദി ഗോട്ട് നേടിയ കേരള കളക്ഷനെ വേട്ടയ്യന്‍ മറികടന്നു.
13 കോടിയായിരുന്നു ദി ഗോട്ടിന്റെ കേരളത്തിലെ കളക്ഷന്‍. മോശം പ്രതികരണം നേടിയ ചിത്രത്തിന് കേരളത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. 'ജയിലര്‍' എന്ന ചിത്രത്തിന് ശേഷം കേരളത്തില്‍ നിന്ന് മികച്ച കളക്ഷന്‍ നേടുന്ന രജനികാന്ത് ചിത്രമാണ് 'വേട്ടയ്യന്‍'. 60 കോടിക്കും മുകളിലായിരുന്നു ജയിലറിന്റെ കേരളത്തിലെ നേട്ടം. ഇത് വരും ദിവസങ്ങളില്‍ 'വേട്ടയ്യന്‍' മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. കര്‍ണാടകയിലും, യുഎസ്എയിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.
ചിത്രത്തിലെ രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്‍കൗണ്ടര്‍ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യന്‍' ചര്‍ച്ച ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദര്‍ ആണ്.