ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) ദേശീയ ബ്രാന്‍ഡ് അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. സൈബര്‍ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നല്‍കും.

വിഡിയോ സന്ദേശത്തിലൂടെയാണ് പുതിയ ചുമതലയെക്കുറിച്ച് താരം പങ്കുവച്ചത്. 'നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒന്നിക്കാം'- എന്ന വാചകത്തോടെയാണ് രശ്മിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വിഡിയോ പങ്കുവെച്ചത്. 'സൈബര്‍ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്ടിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ പരമാവധി പേരെ രക്ഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു'.

അതുകൊണ്ടാണ് ബ്രാന്‍ഡ് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതെന്നും രശ്മിക വിഡിയോയില്‍ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ ആഘാതം നേരിട്ട ഒരാളെന്ന നിലയില്‍, നമ്മുടെ ഓണ്‍ലൈന്‍ ലോകത്തെ സംരക്ഷിക്കാന്‍ കര്‍ശനമായ നടപടികള്‍ക്കുള്ള സമയമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു. 1930 എന്ന നമ്പറില്‍ വിളിച്ചോ cybercrime.gov.in എന്ന സൈറ്റിലൂടെയോ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും രശ്മിക കുറിച്ചിട്ടുണ്ട്.

മുന്‍പ് രശ്മികയുടെ പേരില്‍ ഡീപ് ഫേക്ക് വിഡിയോകള്‍ അടക്കം പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പുഷ്പ 2 ആണ് രശ്മികയുടേതായി പുറത്തുവരാനുള്ള ചിത്രം.