'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍', 'ഇബ്ലീസ്', 'കള' എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ടിക്കി ടാക്ക'. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം വമ്പന്‍ ബഡ്ജറ്റില്‍ ആണ് ഒരുങ്ങുന്നത്. ആസിഫ് അലി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ രോഹിത് വിഎസ്.

'കള' ഒരൊറ്റ ഡയമെന്‍ഷനില്‍ സഞ്ചരിച്ച സിനിമയായിരുന്നു എങ്കില്‍ 'ടിക്കി ടാക്ക' ഒരു സിനിമാറ്റിക്ക് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രമാണെന്ന് രോഹിത് വിഎസ്. അടുത്ത വര്‍ഷം പകുതിക്ക് 'ടിക്കി ടാക്ക' തിയേറ്ററിലെത്തും. കരിയറില്‍ ആദ്യമായി ഒരു അതിരടി മാസ് ഉണ്ടാക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും, മിസ് ആകാത് എന്നും ഇന്‍സ്റ്റാഗ്രാമിലൂടെ രോഹിത് വിഎസ് പങ്കുവച്ചു.

ചിത്രം ഒരു മാസ് ചിത്രമായിരിക്കുമെന്നും ആസിഫ് അലിയെ ഒരു ബീസ്റ്റ് മോഡില്‍ കാണാന്‍ സാധിക്കുമെന്നും രോഹിത് പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റന്‍ ആന്‍സര്‍ സെഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. ആസിഫ് അലിയെ ബീസ്റ്റ് മോഡില്‍ തുറന്നുവിടാനും ഒരു മാസ് ടൈറ്റില്‍ കാര്‍ഡ് ഇറക്കാനും ഒരു ആരാധകന്‍ പറയുന്നുണ്ട്. ഇതിന് മറുപടിയായി 'പണ്ണലാം' എന്നായിരുന്നു രോഹിത് കുറിച്ചത്. ടിക്കി-ടാക്ക അടുത്ത വര്‍ഷം പകുതിയാകുമ്പോഴേക്ക് എത്തും, ആദ്യമായാണ് താന്‍ ഒരു 'അതിരടി മാസ്' ചിത്രം എടുക്കുന്നത്, പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇത്തവണ മിസ് ആകില്ലെന്നും രോഹിത് കുറിച്ചു.

പ്രേക്ഷകര്‍ക്ക് നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.