- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒന്ന് തൊട്ടു, ഒന്ന് നോക്കി എന്ന് പറയുമ്പോഴേക്കും അവർ കുറ്റക്കാരാവുന്നു'; കേരളത്തിൽ പുരുഷ കമ്മീഷൻ സ്ഥാപിക്കണം; കെഎസ്ആർടിസി ബസുകളിൽ പുരുഷന്മാർക്കും സീറ്റ് സംവരണം നൽകണം; ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയുണ്ടാകുമെന്നും നടി പ്രിയങ്ക അനൂപ്
കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്നതുപോലെ പുരുഷന്മാർക്കും സീറ്റ് സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടി പ്രിയങ്ക അനൂപ് രംഗത്ത്. അന്താരാഷ്ട്ര പുരുഷ ദിനത്തിൽ 'ഓൾ കേരള മെൻസ് അസോസിയേഷൻ' സംഘടിപ്പിച്ച അവകാശ റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ പുരുഷന്മാർക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ ഒരു വേദിയില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, അതിനാൽ പുരുഷ കമ്മീഷൻ അടിയന്തരമായി സ്ഥാപിക്കണമെന്നും പ്രിയങ്ക ശക്തമായി ആവശ്യപ്പെട്ടു.
റാലിയിൽ പ്രസംഗിക്കവെ, പുരുഷന്മാർ പൊതുഗതാഗത സംവിധാനങ്ങളിൽ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് നടി സംസാരിച്ചു. "ബസിൽ സ്ത്രീകൾക്ക് സംവരണമുണ്ടെങ്കിൽ പുരുഷന്മാർക്കും സീറ്റ് വേണം. അവർക്ക് അത് നൽകാതിരിക്കേണ്ട കാര്യമെന്താണ്?" അവർ ചോദ്യമുയർത്തി. ഈ വിഷയം നിലവിലെ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ തീർച്ചയായും അനുകൂലമായ നടപടിയുണ്ടാകുമെന്നും പ്രിയങ്ക ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗണേഷേട്ടൻ പുരുഷന്മാർക്ക് വേണ്ടി സീറ്റ് സംവരണം നടപ്പിലാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ചെറിയ പരാതികളുടെ പേരിൽ പോലും പുരുഷന്മാർ വേട്ടയാടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. "ഒന്ന് തൊട്ടു, ഒന്ന് നോക്കി എന്ന് പറയുമ്പോഴേക്കും നിങ്ങൾ കുറ്റക്കാരാവുകയാണ്. ഇവരുടെ വേദന എന്താണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാൻ നിങ്ങളുടെ കൂടെ നിൽക്കുന്നത്," നടി പറഞ്ഞു. പുരുഷന്മാരുടെ വാദം കേൾക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഒരു സംവിധാനം അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.
കെഎസ്ആർടിസി ബസ്സുകളിൽ പുരുഷന്മാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്തുക, പുരുഷ കമ്മീഷൻ നടപ്പിലാക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ റാലി സംഘടിപ്പിച്ചത്. പുരുഷന്മാരുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി ശക്തമായ നിയമ പരിരക്ഷ ഉറപ്പാക്കണം എന്ന സന്ദേശമാണ് ഈ റാലിയിലൂടെ സംഘടന നൽകുന്നത്. സംസ്ഥാനത്ത് ഈ വിഷയം ഒരു പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.




