ചെന്നൈ: പണം കൊടുത്തു ടിക്കറ്റ് എടുത്തവരെ പ്രവേശിപ്പിക്കാതെ ഓസ്‌ക്കർ പുരസ്‌ക്കാര ജേതാവ് വിഖ്യാത സംഗീതകാരൻ എ.ആർ. റഹ്മാന്റെ ചെന്നെയിലെ സംഗീത നിശ വൻ വിവാദത്തിൽ. കഴിഞ്ഞ ദിവസം രാത്രിയിൽ റഹ്മാൻ തന്നെ സംഘടിപ്പിച്ച മറക്കുമാ നെഞ്ചം പരിപാടിയാണ് വിവാദത്തിലായിരിക്കുന്നത്. അനേകം ആരാധകർക്ക് കസേര കിട്ടാതെയും പരിപാടി കാണാതെയൂം മടങ്ങിപ്പോകേണ്ടി വന്നു. ഇങ്ങനെ മടങ്ങേണ്ടി വന്നവർ സൈബറിടങ്ങളിൽ പ്രതിഷേധിച്ചതോടെ വിവാദം ആളിക്കത്തി.

സാമൂഹ്യമാധ്യമങ്ങളിൽ ഇവർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് സംഘാടകർ ഖേദം പ്രകടിപ്പിച്ചു. വേദിയിലെ സീറ്റിനേക്കാൾ കുടുതൽ ടിക്കറ്റുകൾ സംഘാടകർ നൽകിയതായിട്ടാണ് ആക്ഷേപം. ദീർഘനേരം കാത്തുനിൽക്കേണ്ടി വന്ന ആരാധകർ മടുത്തു വേദിവിടുകയും ചെയ്തു.

പരിപാടിക്കായി എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് അനേകർക്ക് പരിക്കേൽക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ റഹ്മാനെതിരേ കടുത്ത വിമർശനമാണ് നടത്തിയത്. തനിക്ക് വേണ്ടി ചാകാൻ വരെ നിൽക്കുന്ന ആരാധകരുടെ സുരക്ഷയേക്കാൾ റഹ്മാന് പ്രധാനം പണമായിരുന്നു എന്നു വരെ ആരാധകരുടെ വിമർശനത്തിൽ പറയുന്നു.

വേദിയിലെ സീറ്റിന് പുറമേ പരിപാടിയുടെ സൗണ്ട് ക്വാളിറ്റിയിലും ചിലർ പരാതി പറഞ്ഞു. അതേസമയം സംഭവത്തിൽ എ.ആർ. റഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പരിപാടി വമ്പൻ വിജയമാണെന്നാണ് സംഘാടകരായ എസിടിസി പറഞ്ഞത്. തിരക്കു കാരണം സീറ്റു കിട്ടാതെ പോയവരോട് മാപ്പു പറയുന്നതായും വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അവർ പ്രതികരിച്ചിട്ടുണ്ട്.