മുംബൈ: താൻ പറയുന്നത് തന്റെ മക്കൾ കേൾക്കാറില്ലെന്ന് നടൻ ആമിർ ഖാൻ. നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സഹപ്രവർത്തകർ തങ്ങളുടെ മക്കളെ സംസാരിക്കാനായി തന്റെ അരികിലേക്ക് അയക്കുമെന്നും എന്നാൽ തന്റെ മക്കൾക്ക് ഒരു താൽപര്യവുമില്ലെന്നും ആമിർ പറഞ്ഞു. ഇത് ചിലപ്പോൾ ജനറേഷന്റെ വ്യത്യാസമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

എന്റെ മക്കൾ ഞാൻ പറയുന്നത് കേൾക്കാറില്ല. നമ്മൾ നമ്മുടെ മാതാപിതാക്കളെ അനുസരിക്കുമായിരുന്നു. അന്ന് നമ്മുടെ മക്കൾ നമ്മളെ അനുസരിക്കുമെന്നാണ് കരുതിയത്. പക്ഷേ അത് മാറി. അവർ നമ്മളെ കേൾക്കാറില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കളോട് വഴക്കിടുമായിരുന്നു. ഇത് തന്നെയാണ് ഇന്ന് നമ്മുടെ മക്കളും നമ്മളോട് ചെയ്യുന്നത്.

ജാക്കി ഷ്രോഫ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ മകൻ ടൈഗർ ഷ്രോഫ് സിനിമയിലേക്ക് ചുവടുവെക്കാൻ നേരത്ത് ജഗ്ഗു എന്നോട് പറഞ്ഞു, നീ അവനെ ഒന്ന് കണ്ട് സംസാരിക്കണമെന്ന്. ഇൻഡസ്ട്രിയിലെ നിരവധി പേരാണ് അവരുടെ മക്കളെ കാണണം എന്ന് എന്നോട് പറയുന്നത്. നിങ്ങൾക്കൊപ്പം സമയം ചെലവഴിച്ചാൽ അവർ എന്തെങ്കിലും പഠിക്കും എന്നാണ് അവർ പറയുക. പക്ഷേ എന്റെ കുട്ടികൾക്ക് ഒരു താൽപര്യവുമില്ല. ഞാൻ പറയുന്നത് ഒന്നും കേൾക്കാറില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ പപ്പ എന്ന് പറഞ്ഞ് തടയും -ആമിർ ഖാൻ കൂട്ടിച്ചേർത്തു.

ആമിർ ഖാന് മൂന്ന് മക്കളാണുള്ളത്. ഇറയും ജുനൈദും ആദ്യ ഭാര്യ റീന ദത്തയിലെ മക്കളാണ്.രണ്ടാം ഭാര്യ കിരൺ റാവുവിൽ ആസാദ് എന്നൊരു മകനുണ്ട് താരത്തിന്.ജുനൈദ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയിട്ടുണ്ട്.