മുംബൈ: സിനിമകള്‍ പരാജയപ്പടുമ്പോള്‍ താന്‍ മാനസികമായി തളര്‍ത്താറുണ്ടെന്ന് ആമിര്‍ ഖാന്‍. ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ മൂന്നാഴ്ചയോളം അതോര്‍ത്ത് കരയാറുണ്ടെന്നും നടന്‍ പറയുന്നു. എബിപി നെറ്റ്വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം.

എന്റെ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഞാനാകെ തകര്‍ന്നുപോകും. രണ്ടുമുതല്‍ മൂന്നാഴ്ച വരെ അതോര്‍ത്ത് കരയും. പിന്നീട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമൊന്നിച്ചിരുന്ന് എവിടെയാണ് തെറ്റുപറ്റിയതെന്ന് ചര്‍ച്ച ചെയ്യും. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുകയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. ഞാന്‍ എന്റെ പരാജയങ്ങളെയും പരിഗണിക്കാറുണ്ട്. - ആമിര്‍ ഖാന്‍ പറഞ്ഞു.

അതിന് ശേഷം പുതിയ ചിത്രങ്ങളെ ഉത്സാഹത്തോടുകൂടി സമീപിക്കാറുണ്ട്. പരാജയങ്ങളില്‍ നിന്ന് പോസിറ്റീവായിട്ടുള്ള കാര്യങ്ങളെടുക്കണം. ജോലി കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ഇത് നമ്മെ പഠിപ്പിക്കുമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. ലാല്‍ സിങ് ഛദ്ദ, തഗ്സ് ഓഫ് ഹിന്ദുസ്താന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററില്‍ കാര്യമായ വിജയമുണ്ടാക്കാത്തത് നിരാശപ്പെടുത്തിയെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ കുടുംബം പിന്തുണയുമായി ഒപ്പമുണ്ടാകാറുണ്ടെന്നും നടന്‍ പറഞ്ഞു. ലാല്‍ സിങ് ഛദ്ദ മികച്ച വിജയം സ്വന്തമാക്കാതിരുന്നപ്പോള്‍ കുടുംബം ഒപ്പമുണ്ടായിരുന്നുവെന്ന കാര്യം നടന്‍ ഓര്‍ത്തെടുത്തു.

ലോക ക്ലാസിക് 'ഫോറസ്റ്റ് ഗംപിന്റെ' റീമേക്കാണ് 'ലാല്‍ സിങ് ഛദ്ദ'. റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ ഗംഭീര വരുമാനം നേടിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ ലാല്‍ സിംഗ് ഛദ്ദ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.