- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആവേശം' രോമാഞ്ചത്തിന്റെ സ്പിൻ ഓഫ്! പറയുന്നത് സംവിധായകന്റെ കോളജ് ലൈഫിലുണ്ടായ യഥാർത്ഥ സംഭവം: ജിത്തു മാധവൻ ചിത്രത്തെ കുറിച്ച് ചെമ്പൻ വിനോദ്
കൊച്ചി: ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമാണ് രോമാഞ്ചം. ഹൊറർ കോമഡിയായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയത്. ഇപ്പോൾ ഫഹദ് ഫാസിലിനെ നായകനാക്കി ആവേശം എന്ന ചിത്രത്തിന്റെ ഒരുക്കുകയാണ് ജിത്തു.
രോമാഞ്ചത്തിന്റെ സ്പിൻ ഓഫ് ആയിരിക്കും ആവേശം എന്ന് സൂചന നൽകിയിരിക്കുകയാണ് ചെമ്പൻ വിനോദ്. രോമാഞ്ചത്തിൽ സയിദ് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് എത്തുന്നുണ്ട്. ചെറിയ വേഷമാണ് ഇത്. എന്നാൽ സയിദിനെ മുഴുനീള കഥാപാത്രമാക്കി ജിത്തു മാധവൻ സിനിമ ഒരുക്കുന്നുണ്ട് എന്നാണ് ചെമ്പൻ വിനോദ് വ്യക്തമാക്കിയത്. ചിത്രത്തിൽ ഫഹദ് ആണ് നായകനാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംവിധായകന്റെ കോളജ് കാലഘട്ടത്തിൽ ഉണ്ടായ രസകരമായ സംഭവമാണ് അതിൽ പ്രമേയമാകുന്നതെന്നും ചെമ്പൻ പറഞ്ഞു. ''റിയൽ ലൈഫ് കഥാപാത്രമാണ് സയിദ്. പൂർണമായും സിനിമയിൽ കാണിച്ചിരിക്കുന്നതു പോലെയല്ലെങ്കിലും 80 ശതമാനം ശരിക്കും സംഭവിച്ചതാണെന്നാണ് പറയുന്നത്. പിന്നെ ആ കഥാപാത്രത്തിന്റെ ഫുൾ ഫ്ളെഡ്ജ്ഡ് സിനിമ എന്തോ വരുന്നുണ്ട്. ഫഹദിനെ വച്ചാണ് ചെയ്യുന്നത്. അവരുടെ കോളജ് ലൈഫിൽ എന്തോ ഭയങ്കര സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അതിന്റെ വർക്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇനി എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് അറിയില്ല. ആ കഥാപാത്രമാണ് രോമാഞ്ചത്തിൽ വന്നുപോയത്. അയാളുടെ പുറത്തുള്ള ആക്ടിവിറ്റികളും റിയൽ ലൈഫ് സംഭവങ്ങളുമാണ് ഇനി ഫഹദിന്റെ സിനിമയിൽ കാണിക്കുന്നത്.'' ചെമ്പൻ വിനോദ് പറഞ്ഞു.
ബംഗളൂരുവിൽ ആവേശം സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഗുണ്ടാതലവനായാണ് ഫഹദ് എത്തുക എന്നാണ് സൂചന. അടുത്തിടെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പുറത്തുവന്നിരുന്നു. രോമാഞ്ചം സിനിമയിലൂെട ശ്രദ്ധേയനായ സജിൻ ഗോപുവിനെയും ചിത്രത്തിൽ കാണാം. കോമഡി എന്റർടെയ്‌നർ സ്വഭാവത്തിൽ, ക്യാംപസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.