റോം: നടി ഗായത്രി ജോഷിയും ഭർത്താവും വാഹനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറ്റലിയിൽ വച്ചാണ് നടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. നടിയും ഭർത്താവ് വികാസ് ഒബ്റോയിയും അവധിക്കാലം ആഘോഷിക്കാനാണ് ഇറ്റലിയിലെത്തിയത്.

നടിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനിയും ഫെരാരി കാറും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫെരാരി കാറിലുണ്ടായിരുന്ന സ്വിറ്റ്സർലൻഡ് സ്വദേശികൾ അപകടത്തിൽ മരിച്ചു. അപകടത്തെത്തുടർന്ന് ഫെരാരി കാറിന് തീപിടിക്കുകയും ചെയ്തു.

വാനിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കാറുകൾ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട വാനും റോഡിൽ മറിഞ്ഞു. ഷാറൂഖ് ഖാൻ ചിത്രമായ സ്വദേശിൽ അഭിനയിച്ച് താരമാണ് ഗായത്രി ജോഷി. മോഡൽ കൂടിയായ താരം നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.