തെന്നിന്ത്യൻ സൂപ്പർതാരം അജിത് കുമാർ തൻ്റെ റേസിംഗ് ജീവിതത്തിലെയും സിനിമാ രംഗത്തെയും അപകടങ്ങളെക്കുറിച്ചും പരിക്കുകളെക്കുറിച്ചും തുറന്നുപറഞ്ഞു. യഥാർത്ഥ ജീവിതത്തിലും റേസിംഗ് ട്രാക്കിലും സിനിമയിലുമുള്ള അനുഭവങ്ങളെക്കുറിച്ച് 'ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യുമായുള്ള സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റേസിംഗ് എന്നത് വേഗത മാത്രമല്ല, ജാഗ്രതയും കൂടിയാണെന്ന് അജിത് ഓർമ്മിപ്പിച്ചു.

ഈ വർഷം തുടക്കത്തിൽ വലൻസിയയിൽ നടന്ന സതേൺ യൂറോപ്യൻ കപ്പിൽ അജിത്തിൻ്റെ കാർ പലതവണ തലകീഴായി മറിഞ്ഞിരുന്നു. ഇത്തരം അപകടങ്ങളിൽപ്പെടുമ്പോൾ, ആദ്യത്തെ ചിന്ത പരിക്കേറ്റോ എന്നതും അതിൻ്റെ ഗൗരവവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാറിന് സംഭവിച്ച കേടുപാടുകളും വീണ്ടും മുന്നോട്ട് പോകാനുള്ള സാഹചര്യവും വിലയിരുത്തിയ ശേഷം, അഡ്രിനാലിൻ കാരണം 'ഡിഎൻഎഫ്' (Did Not Finish) ഒഴിവാക്കണമെന്ന ചിന്ത മാത്രമാണ് മനസ്സിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റേസിംഗ് പരിശീലനമോ മത്സരമോ നഷ്ടപ്പെടുത്തേണ്ടി വരുന്നത്ര ഗുരുതരമായ പരിക്കുകൾ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അജിത് പറഞ്ഞെങ്കിലും, സിനിമാ ജീവിതത്തിൻ്റെ ഭാഗമായി 29 ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2005ൽ ആരാധകർക്കിടയിൽ വെച്ച് തനിക്ക് ഒരു ദുരനുഭവമുണ്ടായതായും അദ്ദേഹം ഓർത്തെടുത്തു. കൈവീശുന്നതിനിടെ ആരോ ബ്ലേഡ് ഉപയോഗിച്ച് ഉള്ളംകയ്യിൽ വരഞ്ഞതായും, അതിൻ്റെ പാട് ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരിക്കൽ, കയ്യിൽ ബ്ലേഡുമായി തന്നെ കാത്തുനിന്ന ഒരാളെ തൻ്റെ സഹായികൾ പിന്തിരിപ്പിച്ചതായും അജിത് വ്യക്തമാക്കി.