ജമ്മു: നടൻ അക്ഷയ് കുമാർ സഞ്ചരിച്ച കാർ ജമ്മുവിലെ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. അനുവദനീയമായ പരിധിക്ക് മുകളിൽ ചില്ലിൽ കൂളിങ് പതിപ്പിച്ചതിനെ തുടർന്നായിരുന്നു പോലീസ് നടപടി. ചൊവ്വാഴ്ച ജമ്മുവിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ചടങ്ങിലേക്ക് എത്താൻ അദ്ദേഹം ഉപയോ​ഗിച്ച വാഹനത്തിന്റെ ഗ്ലാസുകളിൽ മോട്ടോർ വാഹന നിയമപ്രകാരം അനുവദനീയമായതിലും കടുപ്പമുള്ള കറുത്ത ഫിലിം ഒട്ടിച്ചതായാണ് കണ്ടെത്തിയത്. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാർ പിടികൂടിയത്.

നിയമം എല്ലാവർക്കും ഒരുപോലെയാണ്. പതിവ് പരിശോധനയ്ക്കിടെയാണ് അനുവദനീയമായ പരിധിക്ക് മുകളിൽ കൂളിങ് ഒട്ടിച്ച ഗ്ലാസുകളുമായി കാർ കണ്ടെത്തിയത്. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ജമ്മു സിറ്റി ട്രാഫിക് എസ്എസ്പി ഫാറൂഖ് കൈസർ പറഞ്ഞു.

ഉടമയുടെ പദവി പരിഗണിക്കാതെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ചു. അതേസമയം, അക്ഷയ് കുമാറിന്റെ നിശ്ചയിച്ച പരിപാടിക്ക് യാതൊരു തടസ്സവുമുണ്ടായില്ലെന്നും നടന് ബദൽ യാത്രാ സൗകര്യം ഒരുക്കിയെന്നും സംഘാടകർ അറിയിച്ചു.