'മൗനരാഗം', 'ശ്യാമാംബരം' തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ രാഹുൽ രാമചന്ദ്രനും ഭാര്യയും നടിയുമായ അശ്വതിയും (എന്നും സമ്മതം ഫെയിം) തങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കും ഗോസിപ്പുകൾക്കുമെതിരെ നിയമനടപടികളിലേക്ക് നീങ്ങുന്നു. തങ്ങളുടെ കരിയർ നശിപ്പിക്കാൻ ചിലർ സംഘടിതമായി ശ്രമിക്കുന്നുണ്ടെന്ന് രാഹുൽ തുറന്നടിച്ചു.

തങ്ങൾ അഭിനയിക്കുന്ന സെറ്റുകളിൽ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് ഇതിൽ പ്രധാനം. രണ്ടര വർഷം മുൻപ് താൻ ഒരു പ്രോജക്റ്റിൽ നിന്ന് മാറിയത് ഭാര്യയുടെ സമ്മർദ്ദം മൂലമാണെന്നും, മറ്റൊരു സ്ത്രീക്കൊപ്പം അഭിനയിക്കുന്നത് അശ്വതിക്ക് ഇഷ്ടമല്ലെന്നും ചിലർ ഇൻഡസ്ട്രിയിൽ പറഞ്ഞു പരത്തി. ഇത് വിശ്വസിച്ച് പല സംവിധായകരും നിർമ്മാതാക്കളും തന്നെ വിളിക്കാതായെന്നും ഒന്നര വർഷത്തോളം വരുമാനമില്ലാതെ ഇരിക്കേണ്ടി വന്നെന്നും രാഹുൽ വേദനയോടെ പങ്കുവെച്ചു.

അശ്വതിയുടെ അവസരങ്ങൾ ഇല്ലാതാക്കാനും സമാനമായ രീതിയിൽ ശ്രമം നടന്നു. രാഹുൽ അതീവ 'പൊസസീവ്' ആണെന്നും മറ്റൊരു നടനൊപ്പം അശ്വതി അഭിനയിക്കുന്നത് രാഹുൽ തടയുന്നുവെന്നുമാണ് പ്രചാരണം. "ഏത് പ്രോജക്റ്റിന് ചെന്നാലും അവർ ആദ്യം ചോദിക്കുന്നത് ഇത്തരത്തിലുള്ള കിംവദന്തികളെക്കുറിച്ചാണ്," രാഹുൽ പറഞ്ഞു.

താൻ ഇന്ന് ഈ നിലയിൽ എത്തിയതിന് പിന്നിൽ ഭാര്യ അശ്വതിയാണെന്ന് രാഹുൽ വ്യക്തമാക്കി. താൻ അഭിനയ മേഖലയിലേക്ക് വരാൻ കാരണമായതും അശ്വതിയുടെ പിന്തുണയാണ്. ഇപ്പോൾ ദൈവസഹായത്താൽ തങ്ങൾക്ക് രണ്ടുപേർക്കും നല്ല പ്രോജക്റ്റുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അപ്പോഴും തങ്ങൾ പ്രശ്നക്കാരാണെന്ന തരത്തിലുള്ള പ്രചാരണം തുടരുകയാണെന്നും താരം ചൂണ്ടിക്കാട്ടി.

ഈ വ്യാജവാർത്തകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും രാഹുൽ വീഡിയോയിൽ വെളിപ്പെടുത്തി. "ഇപ്പോൾ ആ പേര് വെളിപ്പെടുത്തുന്നില്ല. എങ്കിലും അധികം വൈകാതെ തന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ മറുപടി നൽകും," എന്ന താക്കീതോടെയാണ് രാഹുൽ വീഡിയോ അവസാനിപ്പിക്കുന്നത്.

വ്യക്തിപരമായ വിരോധം തീർക്കാൻ പ്രൊഫഷണൽ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ വലിയ പിന്തുണയാണ് രാഹുലിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.