ചെന്നൈ: തെന്നിന്ത്യൻ സിനിമപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സിദ്ധാർഥ്. ശക്തമായ നിലപാടുകളിലൂടെയും താരം മനം കവരാറുണ്ട്. സൈബറിടത്തിലും അത് വ്യക്തമാകാറുണ്ട് താനും. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ടക്കറിന്റെ പ്രമോഷൻ തിരക്കിലാണ് താരം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ താരം പങ്കെടുത്തിരുന്നു. അതിനിടെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

താരത്തിന്റെ പ്രണയ ജീവിതത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. നിങ്ങളുടെ സിനിമകളിലെല്ലാം പ്രണയത്തിൽ വിജയിക്കുന്ന നായകനായാണ് നിങ്ങൾ സിനിമയിൽ എത്തുന്നത്. എന്നാൽ നിങ്ങളുടെ യഥാർത്ഥ പ്രണയജീവിതം പരാജയമാണ്. ഇതേക്കുറിച്ച് നിങ്ങൾ ആത്മപരിശോധന നടത്തിയിട്ടുണ്ടോ? എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്.

ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. ഒരിക്കൽപോലും ഞാൻ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സ്വപ്നത്തിൽ പോലും. എന്റെ പ്രണയജീവിതത്തെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടുന്നതിനാൽ നമുക്ക് രണ്ടുപേർക്കും സ്വകാര്യമായി സംസാരിക്കാം. മറ്റുള്ളവർക്ക് ഇതിൽ കാര്യമില്ല. ടക്കർ സിനിമയുമായും ഇതിന് ബന്ധമൊന്നുമില്ല.- സിദ്ധാർഥ് പറഞ്ഞു.

നടി അതിഥി റോയ് ഹൈദരിയുമായി സിദ്ധാർഥ് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഒന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. തെന്നിന്ത്യൻ നടി സാമന്തയുമായി മുൻപ് പ്രണയത്തിലായിരുന്നു സിദ്ധാർഥ്. കമൽ ഹാസനൊപ്പമുള്ള ഇന്ത്യൻ 2ആണ് താരത്തിന്റെ പുതിയ ചിത്രം.