ഷൂട്ടിങ്ങിനിടെ നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വിഡി 12 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത്. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. തോളിനാണ് താരത്തിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും താരത്തിന് ഫിസിയോ ചെയ്യുന്നുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ കഥാപാത്രത്തിനായുള്ള പരിശീലനങ്ങളിലാണിപ്പോള്‍ വിജയ് ദേവരകൊണ്ട. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വിഡി 12. സിനിമയ്ക്കായി താരം നടത്തിയ കഠിന പരിശീലനങ്ങളുടെ വിഡിയോയും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗൗതം തന്നൂരിയാണ് വിഡി 12 സംവിധാനം ചെയ്യുന്നത്.

വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം. അടുത്തവര്‍ഷം മാര്‍ച്ച് 28ന് ചിത്രം റിലീസാകുമെന്നാണ് വിവരം. അടുത്തിടെയായി താരത്തിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. പ്രഭാസ് നായകനായെത്തിയ കല്‍ക്കിയിലും വിജയ് ദേവരകൊണ്ട അതിഥി വേഷത്തിലെത്തിയിരുന്നു.