തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ ഓരോ അംഗങ്ങളും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവെക്കാറുള്ളതിനാൽ മലയാളികൾക്ക് ഇവർ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. കൃഷ്ണകുമാർ-സിന്ധു ദമ്പതികളുടെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

റായൻ മിഥുൻ അവതാരകയായ അഭിമുഖത്തിൽ, വലിയൊരു കുടുംബത്തിൽ വളരുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അഹാന വാചാലയായി. ഒരുപാട് സഹോദരങ്ങളുള്ളതിന്റെ ഏറ്റവും വലിയ നേട്ടം വികാരങ്ങൾ പങ്കുവെക്കാൻ ആളുണ്ട് എന്നതാണെന്ന് അഹാന പറയുന്നു. "എന്റെ അമ്മയ്ക്ക് സുഖമില്ലെങ്കിൽ എനിക്കും സഹോദരങ്ങൾക്കും ഉണ്ടാകുന്ന അതേ വിഷമം എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടിന് ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധം പിടിക്കാനാവില്ല. അവർക്ക് നമ്മളോട് സഹാനുഭൂതി കാണിക്കാം എന്നല്ലാതെ, അതേ തീവ്രതയിൽ ആ വികാരം ഉൾക്കൊള്ളാൻ കഴിയില്ല.

എന്നാൽ ഞങ്ങൾ ഒരേയിടത്ത് നിന്ന് വരുന്നവരായതുകൊണ്ട് വീട്ടിൽ നല്ലതോ ചീത്തയോ ആയ എന്ത് നടന്നാലും അത് ഒരുപോലെ പങ്കുവെക്കാൻ ഞങ്ങളുണ്ട്. അതാണ് വലിയൊരു കുടുംബത്തിന്റെ ശക്തി," അഹാന വ്യക്തമാക്കി. സഹോദരി ദിയ കൃഷ്ണ വിവാഹം കഴിഞ്ഞ് പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറിയെങ്കിലും വീട്ടിൽ ഇപ്പോഴും ആളുകൾ ഉള്ളതുകൊണ്ട് ആ വിടവ് വലിയ രീതിയിൽ അനുഭവപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

നേട്ടങ്ങൾക്കൊപ്പം തന്നെ രസകരമായ ചില പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും അഹാന സംസാരിച്ചു. പ്രധാന പ്രശ്നം സ്ഥലപരിമിതിയാണെന്ന് താരം പറയുന്നു. "വീട്ടിൽ ഒരുപാട് ആളുകളുള്ളപ്പോൾ എല്ലാവരുടെയും സാധനങ്ങൾ വെക്കാൻ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. ഞങ്ങളുടെ തുണികൾ വെക്കാൻ പോലും ഇപ്പോൾ ബുദ്ധിമുട്ടാണ്. ഞങ്ങൾ നാലുപേരും വളർന്ന് ഇൻഫ്ലുവൻസേഴ്സാകുമെന്നൊന്നും അച്ഛനും അമ്മയും കരുതിയിട്ടുണ്ടാവില്ല." വീട്ടിൽ ഉണ്ടാക്കുന്ന കറികളൊന്നും സ്വന്തം ഇഷ്ടത്തിന് വാരിക്കോരി എടുക്കാൻ പറ്റില്ലെന്നും എല്ലാവർക്കും ഉള്ളത് മാറ്റിവെക്കേണ്ടതുണ്ടെന്നും അഹാന പറഞ്ഞു.