ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അമൃത നായർ. നിരവധി ഷോകളിലും സീരിയലുകളിലും വെബ് സീരിസിലുമെല്ലാം അമൃത ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. ആദ്യകാലത്ത്, കാണാൻ ഭംഗിയില്ലെന്നു പറഞ്ഞ് തനിക്ക് അവസരങ്ങൾ പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമൃത പറയുന്നു.

അമൃതയുടെ വാക്കുകൾ...

'ഇന്‍ഡസ്ട്രിയിലേക്ക് വന്ന ആദ്യകാലത്ത് ഒരു അസോസിയേറ്റ് ഡയറക്ടർ മോശമായി സംസാരിച്ചിട്ടുണ്ട്. ലൊക്കേഷന്‍ എന്താണെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് എങ്ങോട്ട് തിരിയണം, എങ്ങോട്ട് നോക്കണം എന്നൊന്നും അറിയില്ല. എനിക്കൊപ്പം ഒന്ന് രണ്ട് വലിയ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ വെച്ചാണ് സംഭവം. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞാന്‍ ചിരിക്കുകയോ മറ്റോ ചെയ്തു. അതുകണ്ട് അസോസിയേറ്റ് വളരെ മോശമായി എന്നോട് സംസാരിച്ചു. ഉപയോഗിക്കാന്‍ പാടില്ലാത്ത മോശം വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്.

അന്നെനിക്ക് ഇരുപത് വയസേ ഉള്ളൂ. ആ ക്രൂവിന്റെ മുന്നില്‍വെച്ചാണ് എന്നോട് പെരുമാറിയത്. അതായിരുന്നു ഈ രംഗത്ത് എന്റെ ആദ്യത്തെ മോശം അനുഭവം. ആറേഴ് മാസം മുന്‍പ് ഞാന്‍ അദ്ദേഹത്തെ വീണ്ടും കണ്ടിരുന്നു. സംസാരിച്ചൊന്നുമില്ല, ചിലപ്പോൾ എന്നെ മനസിലാവാത്തത് കൊണ്ടായിരിക്കും', അമൃത പറഞ്ഞു.