ടി അന്ന രാജൻ തൻ്റെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് വിശദീകരണവുമായി രംഗത്ത്. രണ്ട് വർഷം മുൻപാണ് താൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചതെന്നും, ഇതിലൂടെ മാന്യവും പ്രൊഫഷണലുമായ ഉള്ളടക്കം മാത്രമാണ് നൽകുന്നതെന്നും നടി വ്യക്തമാക്കി. അനുചിതമായ യാതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കരുതെന്നും അന്ന രാജൻ കൂട്ടിച്ചേർത്തു.

'എൻ്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം, സബ്സ്ക്രൈബ് ചെയ്യൂ' എന്ന പോസ്റ്റിന് പിന്നാലെ ഉയർന്ന ചർച്ചകൾക്ക് മറുപടിയായാണ് അന്ന രാജൻ്റെ വിശദീകരണം. സബ്സ്ക്രിപ്ഷൻ എന്നാൽ പ്രൊഫഷണലല്ലാത്ത ഉള്ളടക്കമെന്നല്ല അർത്ഥമാക്കുന്നതെന്ന് അവർ പറഞ്ഞു. "ഈ ഇടത്തിൽ ഗുണനിലവാരവും സർഗ്ഗാത്മകതയും മാന്യമായ ഇടപെടലുകളും മാത്രമാണ് ഉള്ളത്. അതുകൊണ്ട് അനുചിതമായ ഒന്നും പ്രതീക്ഷിക്കരുത്. യഥാർത്ഥവും പ്രൊഫഷണലുമായ ഉള്ളടക്കം മാത്രമാകും നിങ്ങൾക്ക് ലഭിക്കുക," അന്ന രാജൻ തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.

അടുത്തിടെയുള്ള പോസ്റ്റിന് ശേഷം അന്നയുടെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. നിലവിൽ 795 പേരാണ് അന്നയുടെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. 390 രൂപയാണ് പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്ക്. സബ്സ്ക്രൈബേഴ്സിന് തൻ്റെ റീലുകളും ഫോട്ടോകളും നേരത്തേ കാണാനും നായികാസന്നോടൊപ്പം കൂടുതൽ അടുത്ത് ഇടപഴകാനും അവസരം ലഭിക്കുമെന്നും അന്ന പറയുന്നു. എപ്പോൾ വേണമെങ്കിലും സബ്സ്ക്രിപ്ഷൻ റദ്ദാക്കാനും സാധിക്കും.

'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അന്ന രാജൻ മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഉദ്ഘാടനവേദികളിലും പൊതുപരിപാടികളിലും സജീവസാന്നിധ്യമാണ് അവർ. സമൂഹമാധ്യമങ്ങളിലൂടെ തൻ്റെ ഉള്ളടക്കത്തിന് കൃത്യമായ അതിരുകൾ നിശ്ചയിച്ചുകൊണ്ട് വ്യക്തിപരമായ ബ്രാൻഡിംഗിന് പ്രാധാന്യം നൽകുകയാണ് അന്ന രാജൻ.