കൊച്ചി: ടെലിവിഷൻ പരിപാടിയായ 'ബഡായി ബംഗ്ലാവി'ലൂടെയാണ് ആര്യ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിക്കുന്നത്. അതിനുശേഷം പിന്നീട് ബിഗ് ബോസിലും നടി മത്സരാർത്ഥിയായി എത്തിയിരുന്നു. ഇതോടെ താരത്തിന്റെ ജീവിതവും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിന്നു. ഇന്ന് അവർ ഒരു സംരംഭക കൂടിയാണ്. ഇപ്പോഴിതാ, താരം തന്റെ മുൻ ഭർത്താവിനെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുകയാണ്. അതിൽ വേർപിരിയാനുള്ള കാരണവും ആര്യ വ്യക്തമാക്കുന്നുണ്ട്.

ആര്യയുടെ വാക്കുകൾ എങ്ങനെ...

'ഞാനും അദ്ദേഹവും ഒന്നിക്കേണ്ടിയിരുന്ന ആളുകളല്ല എന്ന് ഇപ്പോൾ തെളിഞ്ഞില്ലേ. അദ്ദേഹമിപ്പോൾ മറ്റൊരു വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നു. ഞങ്ങളെ തമ്മിൽ കണക്ട് ചെയ്യുന്ന ബോണ്ടാണ് ഞങ്ങളുടെ മകൾ ഖുഷി. അത് ദൈവം ഞങ്ങൾക്കു നൽകിയ വലിയൊരു അനുഗ്രഹമാണ്.

കഴിഞ്ഞ ജൻമത്തിലൊക്കെ ചെയ്ത എന്തോ വലിയ പുണ്യത്തിന് ഞങ്ങൾക്കു ലഭിച്ച സമ്മാനം. അവളെ സംബന്ധിക്കുന്ന തീരുമാനങ്ങളെല്ലാം ഞങ്ങൾ ഒരുമിച്ചാണ് എടുക്കാറ്. അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ ആദ്യം വിളിച്ചു പറയുന്നതും അദ്ദേഹത്തോടാണ്. അങ്ങനൊരു സ്പേസ് മക്കൾക്ക് ഒരുക്കിക്കൊടുക്കണം.

ഞങ്ങൾക്കു തമ്മിൽ ഒത്തുപോകാൻ പറ്റാത്തത് ഞങ്ങളുടെ മാത്രം പ്രശ്നമാണ്. അതിന്റെ പേരിൽ മകൾ ബുദ്ധിമുട്ടേണ്ട കാര്യമില്ല. അവൾക്കു വേണ്ട ഹാപ്പി സ്പേസ് ഉണ്ടാക്കിക്കൊടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു മക്കളും അച്ഛനോ അമ്മയോ കാരണം മാനസികമായ ബുദ്ധിമുട്ട് അനുഭവിക്കാൻ പാടില്ല. എന്റെ മകളുടെ കാര്യത്തിൽ അതെനിക്കൊരു വാശിയായിരുന്നു. അത്തരമൊരു ബുദ്ധിമുട്ട് ഇതുവരെ ഞങ്ങൾ അവൾക്ക് വരുത്തിയിട്ടില്ല. ഇനി വരുത്തുകയുമില്ല' ആര്യ പറഞ്ഞു നിർത്തി.