- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഫോണില്‍ നിന്നും മെസേജ് പോയാല്‍ അവര്‍ അയക്കുന്ന ഫീലായിരിക്കണം; അതിലൂടെ ഞാൻ സംതൃപ്തി കണ്ടെത്തും; അങ്ങനെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്; തുറന്നുപറഞ്ഞ് ആശ ശരത്ത്

പ്രമുഖ നടി ആശ ശരത്ത് അന്തരിച്ച തന്റെ സഹോദരങ്ങളെക്കുറിച്ചുള്ള വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ചത് ശ്രദ്ധേയമാകുന്നു. തന്റെ സഹോദരങ്ങൾ തന്നിലൂടെ ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്നതായും, വാട്ട്സ്ആപ്പ് ഡിപി ഇപ്പോഴും സഹോദരന്റെ ചിത്രമാണെന്നും ആശ ശരത്ത് ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ വീടിന് പോലും സഹോദരന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും നടി പറഞ്ഞു.
രണ്ട് സഹോദരന്മാരാണ് തനിക്കുണ്ടായിരുന്നതെന്നും, വേണു ചേട്ടനും ബാലു ചേട്ടനും ദൈവത്തിൽ ചേർന്നു എന്നാണ് താൻ വിശ്വസിക്കുന്നതെന്നും ആശ ശരത്ത് 'യെസ് 27' എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരാൾ വിടവാങ്ങിയപ്പോൾ രണ്ടാമത്തെ സഹോദരനിൽ അയാളെ കണ്ടിരുന്നു. പിന്നീട് ബാലു ചേട്ടനും പോയപ്പോൾ, അമ്മയെ ആശ്വസിപ്പിക്കാനായി "നമ്മളെല്ലാം ഒരു ക്യൂവിലാണ്, അവർ നേരത്തെ പോയി സീറ്റ് പിടിച്ചെന്നേയുള്ളൂ" എന്ന് തമാശയായി പറയുമായിരുന്നുവെന്നും നടി ഓർമ്മിച്ചു.
എന്നാൽ, തന്റെ സഹോദരങ്ങൾ തന്നിലൂടെ ജീവിക്കുന്നുവെന്നാണ് താൻ എപ്പോഴും വിശ്വസിക്കുകയും സ്വയം പഠിപ്പിക്കുകയും ചെയ്യുന്നതെന്ന് ആശ ശരത്ത് കൂട്ടിച്ചേർത്തു. വേണു ചേട്ടനെയും ബാലു ചേട്ടനെയും താൻ വർഷങ്ങളായി ഒരാളായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ട്, സഹോദരൻ മരിച്ച ദിവസം ഇട്ട വാട്ട്സ്ആപ്പ് ഡിപി ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് അവർ വ്യക്തമാക്കി.
"എന്റെ ഫോണിൽ നിന്ന് വാട്ട്സ്ആപ്പ് മെസ്സേജ് പോകുമ്പോൾ അത് അവർ അയക്കുന്ന ഫീലായിരിക്കണം" എന്നാണ് താൻ വിശ്വസിക്കുന്നത്. അതിലാണ് തന്റെ സംതൃപ്തി എന്നും അവർ പറഞ്ഞു. സഹോദരൻ ഉപയോഗിച്ചിരുന്ന ഫോൺ അമ്മയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇപ്പോഴും അമ്മ വിളിക്കുമ്പോൾ ബാലേട്ടൻ എന്നാണ് ഫോണിൽ തെളിയുന്നതെന്നും നടി പങ്കുവെച്ചു. സഹോദരൻ മരിച്ച ശേഷമാണ് വീടിന്റെ പാലുകാച്ചൽ നടന്നതെന്നും, 'ബാലഗോകുലം' എന്നാണ് തന്റെ വീടിന് പേര് നൽകിയിരിക്കുന്നതെന്നും ആശ ശരത്ത് വെളിപ്പെടുത്തി. എല്ലായിടത്തും അവർ തന്നിലൂടെ ജീവിക്കുന്നുവെന്നും, എവിടേയും പോയിട്ടില്ലെന്നുമാണ് താൻ സ്വയം പറഞ്ഞ് പഠിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.


