പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കുറ്റവാളികളെ വീഡിയോ പകർത്തി പരസ്യപ്പെടുത്തി നാണംകെടുത്തണമെന്ന് പ്രമുഖ ഗായിക ചിന്മയി ശ്രീപദ ആഹ്വാനം ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ പലപ്പോഴും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുകയും എന്നാൽ ഇരകൾ ജീവിതകാലം മുഴുവൻ മാനസികാഘാതത്തിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ 'എക്സി'ലെ ഈ പ്രതികരണം.

"പ്രിയപ്പെട്ട പെൺകുട്ടികളേ (പുരുഷന്മാരോടും, ബസുകളിൽ പുരുഷന്മാരും അതിക്രമത്തിന് ഇരയാകുന്ന കാര്യം നമുക്കറിയാം), ഇത്തരം പ്രവൃത്തികൾ റെക്കോഡ് ചെയ്ത് പരസ്യപ്പെടുത്തി അതിക്രമം കാണിക്കുന്നവരെ നാണം കെടുത്തുക," ചിന്മയി തന്റെ കുറിപ്പിൽ പറയുന്നു. റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളും, പങ്കാളിയേയും പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളും ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. "അവർക്ക് കോടതി മുറികൾ കാണേണ്ടി വരാറില്ല. നമ്മളാണ് ആ ട്രോമയിൽ ജീവിക്കുന്നത്," അവർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽവെച്ച് ഒരു പെൺകുട്ടി നേരിട്ട ലൈംഗിക അതിക്രമത്തിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയി ഈ അഭിപ്രായം പങ്കുവെച്ചത്. "ഈ അക്രമം കാണിച്ചയാൾ ആത്മഹത്യ ചെയ്താലും സൈബർ ലോകം ആ കുട്ടിയെ കുറ്റപ്പെടുത്തുമായിരുന്നു," എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്മയിയുടെ ഈ പോസ്റ്റ്. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര മുട്ടുങ്ങൽ സ്വദേശി ഷിംജിത മുസ്തഫ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.