തിരുവനന്തപുരം: 2000-ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം 'പ്രിയം' എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ദീപ നായർ. അക്കാലത്ത് നിരവധി പ്രണയലേഖനങ്ങൾ ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. മലയാള സിനി നടൻ അജു വർഗ്ഗീസ് അന്ന് തനിക്ക് അന്ന് തനിക്ക് പ്രണയലേഖനങ്ങൾ അയക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തിരുന്നതായും ദീപ നായർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമ പുറത്തിറങ്ങിയ സമയത്ത് അജു വർഗ്ഗീസ് ചെറുപ്പമായിരുന്നെന്നും, താൻ അജുവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ദീപ നായർ വ്യക്തമാക്കി. വെള്ളിത്തിരയിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുന്ന ദീപ, ഒരു സിനിമ മാത്രം ചെയ്തിട്ടും ഇത്രയധികം ആളുകൾ ഇപ്പോഴും തന്നെ ഓർക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാൻ താൻ ശ്രമിക്കാറുണ്ടെന്നും അവർ പറഞ്ഞു.

സനൽ സംവിധാനം ചെയ്ത 'പ്രിയം' എന്ന ചിത്രത്തിൽ ആനി എന്ന കഥാപാത്രത്തെയാണ് ദീപ നായർ അവതരിപ്പിച്ചത്. ഹം ഹേ രാഹി പ്യാർ കേ എന്ന ഹിന്ദി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. സിനിമയ്ക്ക് ശേഷം ദീപ നായർ അഭിനയരംഗത്ത് സജീവമായിരുന്നില്ല. കഴിഞ്ഞ 23 വർഷമായി കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെ മെൽബണിലാണ് താരം താമസിക്കുന്നത്. രണ്ട് കുട്ടികളുമുണ്ട്. അടുത്തിടെ ആറ്റുകാൽ പൊങ്കാലയിടാൻ ദീപ നാട്ടിൽ തിരിച്ചെത്തിയിരുന്നു.