മുംബൈ: കൗമാരപ്രായത്തിൽ നേരിടേണ്ടി വന്നവേദനിപ്പിക്കുന്ന ഒരു അനുഭവം പങ്കുവെച്ച് നടി ജാൻവി കപൂർ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചതിനെക്കുറിച്ചാണ് ജാൻവി വെളിപ്പെടുത്തിയത്. വർഷങ്ങൾക്കിപ്പുറവും ആ ദുരനുഭവം തന്നെ വേട്ടയാടുന്നുണ്ടെന്നും അതിൽ നിന്നും പൂർണ്ണമായി മുക്തയാകാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് അസ്വസ്ഥപ്പെടുത്തുന്ന ആ സംഭവം ഉണ്ടായതെന്ന് ജാൻവി ഓർക്കുന്നു. "അതൊരു ഡീപ് ഫേക്ക് ആണോ എന്ന് എനിക്കറിയില്ല, പക്ഷേ സമാനമായ ഒന്നായിരുന്നു. അശ്ലീല വെബ്സൈറ്റിലാണ് എന്റെ ചിത്രം കണ്ടത്. സ്‌കൂളിലെ ഐടി ക്ലാസിനിടെ ചില ആൺകുട്ടികൾ അത്തരം സൈറ്റുകളിൽ കയറാറുണ്ടായിരുന്നു. അതിലൊന്നിലായിരുന്നു എന്റെ ചിത്രം. തികച്ചും അസാധാരണവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ അനുഭവമായിരുന്നു അത്," ജാൻവി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ധാർമ്മികത എന്നൊന്നില്ലെന്ന് ഈ അനുഭവം തന്നെ പഠിപ്പിച്ചുവെന്ന് ജാൻവി പറയുന്നു. "ഒരു ഘട്ടത്തിൽ നമ്മുടെ ജീവിതത്തിന് നമ്മൾ നൽകുന്ന വില ഇതാണോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി. ആ കാഴ്ചപ്പാട് എന്റെ ചിന്തകളെത്തന്നെ മാറ്റിമറിച്ചു. ഇന്നും ആ സംഭവവുമായി പൂർണ്ണമായി പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും എന്റെ എഐ ചിത്രങ്ങൾ ഔദ്യോഗിക പേജുകളിൽ പോലും പ്രചരിക്കാറുണ്ട്," താരം കൂട്ടിച്ചേർത്തു.

ഇത്തരം വ്യാജ ചിത്രങ്ങൾ തന്റെ പ്രൊഫഷണൽ ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയും ജാൻവി പങ്കുവെച്ചു. "ഞാൻ ധരിക്കാത്ത വസ്ത്രങ്ങളോ ഞാൻ എടുക്കാത്ത പോസുകളോ ആണ് എന്റെ പേരിൽ പ്രചരിക്കുന്നത്. ഇത് ആളുകൾ എന്നെ കാണുന്ന രീതിയെ സ്വാധീനിക്കും. ഭാവിയിൽ ഏതെങ്കിലും സംവിധായകനോട് ഒരു വസ്ത്രം ധരിക്കാൻ എനിക്ക് കഴിയില്ലെന്ന് പറഞ്ഞാൽ, അവർ ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയേക്കാം. 'നീ ഇത് നേരത്തെ ചെയ്തിട്ടുണ്ടല്ലോ' എന്ന് അവർ ചോദിച്ചേക്കാം. അവർ അത് നേരിട്ട് ചോദിച്ചില്ലെങ്കിൽ പോലും ഉള്ളിൽ അങ്ങനെ ചിന്തിക്കാൻ ഇത്തരം പ്രചരണങ്ങൾ കാരണമാകും," ജാൻവി ആശങ്ക പ്രകടിപ്പിച്ചു.