ടിയും മോഡലുമായ ജസീല പ്രവീൺ, തൻ്റെ മുൻ പങ്കാളിയായ ഡോൺ തോമസ് വിതയത്തിൽ നിന്നുണ്ടായ അതിക്രൂരമായ ശാരീരികവും മാനസികവുമായ പീഡനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. പുതുവത്സരാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ഡോൺ തോമസ് തൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിക്രമം നടത്തിയെന്നും, ഇത് ഗുരുതരമായ പരിക്കുകളിലേക്ക് നയിച്ചെന്നും ജസീല സോഷ്യൽ മീഡിയയിൽ കുറിച്ചു.

"എൻ്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ഇടിച്ചു വീണ എന്നെ വലിച്ചിഴച്ചു. കക്ഷത്തിലും തുടയിലും കടിച്ചു. ലോഹവള കൊണ്ട് എൻ്റെ മുഖത്ത് ശക്തമായി ഇടിക്കുകയും ചെയ്തു," ജസീല തൻ്റെ അനുഭവം വിവരിക്കുന്നു. ഈ ആക്രമണത്തെത്തുടർന്ന് മേൽചുണ്ടിന് ഗുരുതരമായ മുറിവുണ്ടായെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിനു ശേഷം ചികിത്സ തേടാൻ പോലും താൻ ഡോൺ തോമസിനോട് കെഞ്ചി പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും, തൻ്റെ ഫോൺ പിടിച്ചുവാങ്ങിയെന്നും ജസീല വെളിപ്പെടുത്തി. പിന്നീട് അദ്ദേഹം സ്വയം ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ, താൻ പടിക്കെട്ടിൽ നിന്ന് വീണുവെന്ന് ഡോക്ടർമാരോട് ഡോൺ തോമസ് കള്ളം പറഞ്ഞതായും നടി ആരോപിച്ചു. തുടർന്ന് സൺറൈസ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാകേണ്ടി വരികയും ചെയ്തു.

"അതിനുശേഷവും അദ്ദേഹം എന്നെ ശ്രദ്ധിച്ചില്ല. അദ്ദേഹത്തിൻ്റെ പീഡനം തുടർന്നു. ഞാൻ ഒറ്റപ്പെട്ടു, വേദനയിലും മാനസികമായും ശാരീരികമായും തകർന്നുപോയിരുന്നു," ജസീല വേദനയോടെ ഓർക്കുന്നു. ഇതിനെത്തുടർന്നാണ് ഇവർ നിയമനടപടികളിലേക്ക് നീങ്ങുന്നത്.

തുടർന്ന്, ഓൺലൈൻ മുഖേന പോലീസിൽ പരാതി നൽകിയെങ്കിലും ഉടനടി നടപടിയുണ്ടായില്ല. ജനുവരി 14ന് നേരിട്ട് പോയി പരാതി നൽകിയിട്ടും കാര്യമായ അനക്കം ഉണ്ടായില്ല. ഡോൺ തോമസ് മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിന് ശേഷം മാത്രമാണ് പോലീസ് പരിശോധന നടത്തുകയും FIR രജിസ്റ്റർ ചെയ്യുകയും ചെയ്തതെന്ന് ജസീല ആരോപിച്ചു.

നിലവിൽ കേസ് കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രം സമർപ്പിക്കുകയും തെളിവുകളും മെഡിക്കൽ രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പ്രതിഭാഗം തൻ്റെ സമ്മതമില്ലാതെ ഒത്തുതീർപ്പിന് ശ്രമിക്കുന്നതായും, കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതായും ജസീല പറയുന്നു. മാസങ്ങളായി ഈ ഹർജി കാരണം കേസ് വൈകിപ്പിക്കുകയാണെന്നും, സാമ്പത്തിക കാരണങ്ങളാൽ വക്കീലിനെ നിയമിക്കാൻ കഴിയാത്തതിനാൽ താൻ ഒറ്റയ്ക്കാണ് കോടതിയിൽ ഹാജരാകുന്നതെന്നും നടി വ്യക്തമാക്കി.

"ഇന്നലെ നടന്ന വാദം കേൾക്കുന്നതിനിടെ എനിക്ക് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല. കോടതിക്കുള്ളിൽ ഞാൻ അദൃശ്യയായിപ്പോയതായി എനിക്ക് തോന്നി," തൻ്റെ നിസ്സഹായാവസ്ഥ പങ്കുവെച്ചുകൊണ്ട് ജസീല പറഞ്ഞു. ഇത് വളരെ ചെറിയ വിഷയമല്ലെന്നും, നീതി ലഭ്യമാക്കാൻ സമൂഹം ഇടപെടണമെന്നും അവർ അഭ്യർത്ഥിച്ചു. ഒരു സ്ത്രീ എന്ന നിലയിൽ താൻ നേരിടുന്ന അവകാശ ലംഘനങ്ങളെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയ ജസീല, ഈ പോരാട്ടത്തിൽ പിന്തുണ അഭ്യർത്ഥിച്ചു.