'സ്ത്രീധനം' എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി കവിത ലക്ഷ്മി ഇപ്പോൾ ചെന്നൈയിൽ ഒരു ഡെലിവറി ഗേളായി ജോലി ചെയ്യുകയാണെന്ന വാർത്തയാണ് ചർച്ചയാകുന്നത്. അഭിനയം ഏറെ ഇഷ്ടമാണെങ്കിലും, ജീവിക്കാൻ വേണ്ടിയാണ് താൻ ഈ തൊഴിൽ തിരഞ്ഞെടുത്തതെന്ന് കവിത ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

"മലയാളികൾക്ക് പണം തരാൻ ഇത്തിരി മടിയാണ്. പതിനഞ്ച് വർഷമായി ഞാൻ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. എന്നിട്ടും പ്രതിഫലം ഇപ്പോഴും 3000 രൂപയാണ്. അതുകൊണ്ട് മകളുടെ പഠനം നടക്കില്ല," കവിത പറയുന്നു. കുറഞ്ഞ പ്രതിഫലം നൽകി അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ വഴങ്ങിയില്ലെന്നും ആത്മാഭിമാനം വലുതായതുകൊണ്ട് മറ്റുവഴികൾ തേടിയെന്നും അവർ വ്യക്തമാക്കി.

മകളുടെ പഠനത്തിനും ലോണടയ്ക്കുന്നതിനും പണം ആവശ്യമുള്ളതിനാലാണ് ഡെലിവറി ജോലിയെ ആശ്രയിച്ചത്. "ആഴ്ചയിൽ പതിനാലായിരം രൂപയോളം ഉണ്ടാക്കാൻ പറ്റുന്നുണ്ട്. സുഖമായി ഫീസും ലോണും അടയ്ക്കാൻ പറ്റും. ആരുടേയും മുന്നിൽ കൈ നീട്ടേണ്ടി വരാറില്ല," അവർ കൂട്ടിച്ചേർത്തു. അഭിനയം വലിയ സ്വപ്നമാണെന്നും മകളുടെ പഠനം കഴിഞ്ഞ ശേഷം സിനിമയിൽ വീണ്ടും ശ്രമിക്കുമെന്നും കവിത ലക്ഷ്മി അറിയിച്ചു. ഡെലിവറി ജോലി ചെയ്യുമ്പോഴും മലയാളികൾ തന്നെ തിരിച്ചറിയാറുണ്ടെന്നും അവർ പറഞ്ഞു.