- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പണം അയക്കരുതെന്ന് ഞാൻ പറഞ്ഞു, പക്ഷെ കേട്ടില്ല'; വെള്ളിത്തിരയിലെ മകൻ ജീവിതത്തിലും തണലായി; കഷ്ടപ്പാടുകൾക്കിടെ ബേസിൽ ചെയ്ത ആ സഹായം; നടി കുടശ്ശനാട് കനകം മനസ്സ് തുറക്കുന്നു

കൊച്ചി: സാമ്പത്തികമായി കഷ്ടപ്പെടുന്ന അവസരത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് തനിക്ക് താങ്ങായ സംഭവത്തെ കുറിച്ച് മനസ്സുതുറന്ന് കുടശ്ശനാട് കനകം. മകന്റെ മരണത്തെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെയാണ് ബേസിലിന്റെ ഈ സ്നേഹസഹായം ലഭിച്ചതെന്ന് കുടശ്ശനാട് കനകം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 'ജയ ജയ ജയ ഹേ' എന്ന ചിത്രത്തിൽ ബേസിലിന്റെ അമ്മ വേഷത്തിൽ കുടശ്ശനാട് കനകം അഭിനയിച്ചിരുന്നു.
"മകൻ മരിച്ച സമയത്ത് എനിക്ക് 27,500 രൂപ കടമുണ്ടായിരുന്നു. കൈവശമുള്ള ഫിക്സഡ് ഡിപ്പോസിറ്റും മാസത്തിൽ ലഭിക്കുന്ന 4000 രൂപ നാടക പെൻഷനും ചേർത്താൽ ഈ തുക അടയ്ക്കാമെങ്കിലും, അടിയന്തര ആവശ്യങ്ങൾക്ക് പണമില്ലാതെ വരുമോ എന്ന് ഞാൻ ഭയന്നു," കനകം പറയുന്നു. ഉടൻതന്നെ ബേസിലിനെ വിളിച്ച കനകം, തന്റെ ബുദ്ധിമുട്ടുകൾ അറിയിക്കുകയും ഫെബ്രുവരിയിൽ നാലോ അഞ്ചോ ദിവസത്തെ അവസരം ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു.
ബേസിലിന്റെ സിനിമയിലല്ലെങ്കിൽ പോലും പരിചയമുള്ള സംവിധായകരുമായി ബന്ധപ്പെട്ട് ജോലി വാങ്ങിക്കൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. "അതിനെന്താ അമ്മേ... നമുക്ക് ചെയ്യാമല്ലോ. ഞാൻ തീർച്ചയായും ശ്രമിക്കാം," എന്ന് മറുപടി നൽകിയ ബേസിൽ അഞ്ച് മിനിറ്റിനകം തന്റെ മാനേജരെ വിളിച്ച് കനകത്തിന്റെ ഗൂഗിൾ പേ നമ്പർ വാങ്ങി. പണത്തിനുവേണ്ടിയല്ല താൻ വിളിച്ചതെന്നും പണം അയക്കരുതെന്നും കനകം പറഞ്ഞെങ്കിലും, ബേസിൽ 30,000 രൂപ അവരുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. "ഇതൊക്കെ ചാനലിൽ പറഞ്ഞു എന്നറിഞ്ഞാൽ ചിലപ്പോൾ അവൻ വഴക്ക് പറയും," കനകം കൂട്ടിച്ചേർത്തു.
'ജയ ജയ ജയ ഹേ' എന്ന ചിത്രത്തിൽ ബേസിലിന്റെ അമ്മയുടെ വേഷം ചെയ്തതോടെയാണ് കുടശ്ശനാട് കനകം ചലച്ചിത്രപ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. പതിറ്റാണ്ടുകളോളം മലയാള നാടകവേദിയിൽ സജീവമായിരുന്ന അവർക്ക് ഈ ചിത്രം വഴിത്തിരിവായി. തുടർന്ന് 'ഗുരുവായൂർ അമ്പലനടയിൽ', 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ', 'മരണമാസ്' തുടങ്ങിയ ചിത്രങ്ങളിലും കനകം ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. ഇന്ദ്രൻസും ജോമോൻ ജ്യോതിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോൺ പോൾ ജോർജ് ചിത്രം 'ആശാൻ' ആണ് കനകത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. മാത്യൂ തോമസ് നായകനാകുന്ന 'സുഖമാണോ സുഖമാണ്' എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തും.


