- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു'; ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ലെന്ന് നടി മാലാ പാര്‍വതി
കൊച്ചി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന മെഗാസ്റ്റാർ മമ്മൂട്ടി സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി മാലാ പാര്‍വതി. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സിനിമാലോകത്തും ആരാധകർക്കിടയിലും വലിയ ആശ്വാസവും സന്തോഷവുമാണ് പകരുന്നത്. നിർമ്മാതാവ് എസ്.ജോർജ് എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചതോടെയാണ് സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ആഹ്ളാദം പങ്കുവെച്ചത്.
മമ്മൂട്ടി പൂർണ്ണാരോഗ്യം വീണ്ടെടുത്തുവെന്ന് മാലാ പാർവതി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 'ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശുശ്രൂഷിച്ച എല്ലാവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം,' എന്ന് അവർ കുറിച്ചു.
നിർമ്മാതാവ് എസ്. ജോർജ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വൈകാരികമായ ഒരു കുറിപ്പാണ് പോസ്റ്റ് ചെയ്തത്. 'സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ... നന്ദി,' എന്നായിരുന്നു ജോർജിന്റെ വാക്കുകൾ. ഇവർക്ക് പുറമെ നടൻ രമേഷ് പിഷാരടി, സംവിധായിക റത്തീന, നിർമ്മാതാവ് ആന്റോ ജോസഫ്, സംവിധായകൻ ജൂഡ് ആന്തണി ജോസഫ് തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖർ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചു.
അതേസമയം, ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഇതിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കൂടാതെ, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബഹുതാരക ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.