കൊച്ചി: 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയായ മാളവിക വെയിൽസ്, ഓണത്തോടനുബന്ധിച്ച് പങ്കുവെച്ച കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു. 'പൊന്നമ്പിളി', 'മഞ്ഞിൽ വിരിഞ്ഞ പൂവ്' തുടങ്ങിയ ഹിറ്റ് സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മാളവിക, നിലവിൽ 'മീനൂസ് കിച്ചൺ' എന്ന പരമ്പരയിൽ അഭിനയിക്കുന്നു.

തൻ്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "എൻ്റെ ആകാശവും, എൻ്റെ ആശയും, എൻ്റെ ആശ്രയവും ആയവർ… വിധിപറച്ചിലിനും തിരസ്കാരത്തിനും എന്നെ ഒരിക്കലും വിട്ടുകൊടുക്കാത്തവർ. എവിടെയും ഒതുങ്ങാനല്ല, പറക്കാനായുള്ള ചിറകായവർ. ഇവരോളം വലുത് എനിക്കെന്ത് വേണം", എന്നാണ് താരം കുറിച്ചത്. ചിത്രങ്ങളിൽ മാളവികയുടെ അമ്മ സുധിന വെയിൽസ്, സഹോദരൻ, സഹോദരി എന്നിവരെയും കാണാം. "ജീവിതത്തിൽ അഭിനയിക്കാനേ അറിയാത്തവർ... എന്നും എപ്പോഴും", എന്ന് മറ്റൊരു ചിത്രത്തോടൊപ്പവും മാളവിക കുറിച്ചു.