സിനിമ ആസ്വാദകർക്ക് ഇപ്പോഴും വളരെ ഇഷ്ടപ്പെട്ട നടിയാണ് മീന. ഭർത്താവിന്റെ മരണം മീനയെ നിരന്തരം ഉലച്ചിരുന്നു. ഇപ്പോഴിതാ, തന്റെ മകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുന്നതാണ് വൈറലായിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാലുവാണ് തന്റെ മകളെന്ന് മീന തുറന്നുപറഞ്ഞു.

നടിയുടെ വാക്കുകൾ...

കഴിഞ്ഞ ദിവസം ഞങ്ങളൊരിടത്ത് പോയി. അവൾക്കൊരു സാധനം വാങ്ങാൻ നോക്കുകയായിരുന്നു ഞാൻ. എത്ര രൂപയാകും എന്ന് അവൾ ചോദിച്ചു. വില പറഞ്ഞപ്പോൾ കുറച്ച് നേരം ചിന്തിച്ച ശേഷം എനിക്കിത് വേണമെന്ന് തോന്നുന്നില്ല, വില വളരെ കൂടുതലാണെന്ന് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. അങ്ങനെ ചിന്തിക്കുന്നത് നല്ലതാണ്, പക്ഷെ നിനക്കത് വേണമെങ്കിൽ വാങ്ങിക്കോ, എനിക്ക് വാങ്ങിത്തരാനാകുമെന്ന് ഞാൻ പറഞ്ഞു. വേണ്ട അമ്മേ, ഞാനൊരുപാട് അത് ഉപയോ​ഗിക്കുമെന്ന് തോന്നുന്നില്ല, അത്രയും പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന് അവൾ മറുപടി നൽകി.

എനിക്കിപ്പോഴും ആ ചിന്ത വന്നിട്ടില്ല, മകൾക്ക് വന്നല്ലോ എന്ന് തോന്നി. പണം സേവ് ചെയ്യുന്നതിനെക്കുറിച്ചുള്ള റീലുകൾ അവൾ എനിക്കയക്കും. പണത്തിനെക്കുറിച്ചും തന്റെ ചെലവിനെക്കുറിച്ചും അവൾ ബോധവതിയാണെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. അത് വളരെ നല്ല കാര്യമാണ്. എന്ത് തന്നെയായാലും ആരെയും ആശ്രയിക്കാതെ നിനക്ക് നിന്റേതായ സമ്പാദ്യം വേണമെന്ന് താൻ മകളോട് എപ്പോഴും പറയാറുണ്ടെന്നും മീന തുറന്നുപറയുന്നു.