ഒരിക്കല്‍ തെന്നിന്ത്യയിലെ തിരക്കേറിയ നടിയായിരുന്ന മോഹിനി, തന്റെ ജീവിതത്തിലെ വിഷാദകാലത്തെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. 1991-ല്‍ 23-ാം വയസില്‍ വിവാഹിതയായ മോഹിനി പിന്നീട് അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 2011-ലാണ് അവസാനമായി സിനിമയില്‍ അഭിനയിച്ചത്.

തമിഴ് മാധ്യമം വികടനോട് നല്‍കിയ അഭിമുഖത്തില്‍ മോഹിനി പറഞ്ഞു: 'വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോകുകയാണെന്ന് തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നിട്ടും വിഷാദ രോഗിയായി. ഒരു ഘട്ടത്തില്‍ ആത്മഹത്യക്കുപോലും ശ്രമിച്ചു. ഒന്നല്ല, ഏഴ് തവണ.'-മോഹിനി പറയുന്നു.

ആ കാലഘട്ടത്തില്‍ ഒരു ജ്യോത്സ്യനെ കണ്ടുമുട്ടിയ സംഭവവും മോഹിനി പങ്കുവെച്ചു. 'ആ സമയത്ത്, ആരോ എനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന്‍ എന്നോട് പറഞ്ഞു. ആദ്യം ഞാനത് ചിരിച്ചുതള്ളി. എന്നാല്‍ പിന്നീട്, എന്തിനാണ് ഞാന്‍ ആത്മഹത്യയ്ക്ക് വരെ തുനിഞ്ഞതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു,' അവര്‍ പറയുന്നു.

വിശ്വാസത്തിലൂടെ തിരികെ പോരാടാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായതെന്ന് നടി പറഞ്ഞു. 'ആ തിരിച്ചറിവിന് ശേഷമാണ് ഞാന്‍ അതില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിച്ചു തുടങ്ങിയത്. എനിക്ക് യഥാര്‍ത്ഥത്തില്‍ ശക്തി നല്‍കിയത് എന്റെ ജീസസായിരുന്നു'' -മോഹിനി പറയുന്നു.