ടി നിഖില വിമൽ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും, കരിയറിൽ നേരിട്ട വിമർശനങ്ങളെക്കുറിച്ചും തുറന്നുപറച്ചിലുകളുമായി രംഗത്ത്. ഏറെ വിമർശനം ഏറ്റുവാങ്ങിയെങ്കിലും 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രം തന്റെ കരിയറിന് ഗുണകരമായെന്ന് നിഖില വ്യക്തമാക്കി. താരം നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം 'പെണ്ണ് കേസ്' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നതിനിടെയാണ് നിഖിലയുടെ ഈ വാക്കുകൾ.

'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിനാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിച്ചതെന്ന് നിഖില സമ്മതിച്ചു. എന്നിരുന്നാലും, "അതൊരു വലിയ സിനിമയാണ്. അതിൽ എന്നെ പ്ലേസ് ചെയ്യേണ്ടതുണ്ട് എന്നത് ഞാൻ തിരഞ്ഞെടുത്തതാണ്. ആ വർഷത്തെ ഏറ്റവും വലിയ തിയേറ്റർ വിജയങ്ങളിലൊന്നാണത്. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും," നിഖില വിശദീകരിച്ചു. വാഴൈ പോലുള്ള ചിത്രങ്ങൾ തനിക്ക് നിരൂപക പ്രശംസ നേടിത്തന്നപ്പോൾ, 'ഗുരുവായൂരമ്പലനടയിൽ' ചിലർക്ക് തന്റെ ഏറ്റവും മോശം പ്രകടനം ആയേക്കാം. എന്നാൽ ആ സിനിമ തന്റെ കരിയറിന് മികച്ച സംഭാവനകളാണ് നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമകൾ ലഭിക്കുന്നത് പ്രചാരണങ്ങളോ കൊച്ചിയിലേക്ക് മാറുന്നതോ കൊണ്ടാണെന്ന ധാരണകളെ നിഖില തള്ളിപ്പറഞ്ഞു. "നമുക്ക് സിനിമ ലഭിക്കുന്നത് നമ്മുടെ തിരഞ്ഞെടുപ്പുകളിൽ നിന്നാണ്. ഇന്ന് എനിക്ക് സിനിമകൾ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്, അത് ഞാൻ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. മറ്റുള്ളവരുടെ കരിയർ തിരഞ്ഞെടുപ്പുകൾ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്," നിഖില പറഞ്ഞു. എല്ലാ സിനിമകളും വിജയിക്കണമെന്നില്ലെന്നും, എന്നാൽ ഓരോന്നിൽ നിന്നും എന്തെങ്കിലും ഉൾക്കൊള്ളാൻ കഴിയുന്നത് പ്രധാനമാണെന്നും അവർ അഭിപ്രായപ്പെട്ടു.