ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ നിഷാ സാരംഗ്, 'ഉപ്പും മുളകും' പരമ്പരയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും തൻ്റെ അഭിനയ ജീവിതത്തെക്കുറിച്ചും മനസ്സ് തുറന്നു സംസാരിക്കുന്നു.

''ഉപ്പും മുളകിന് മുൻപ് എങ്ങനെയായിരുന്നോ, അതുപോലെ തന്നെയാണ് ഇപ്പോഴും എൻ്റെ ജീവിതം മുന്നോട്ട് പോകുന്നത്. അവിടെയുണ്ടായ ചില വിവാദങ്ങളെക്കുറിച്ച് ഞാൻ ഉത്തരം പറഞ്ഞ് കൂടുതൽ കഥകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ജീവിക്കാൻ വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്, അനാവശ്യ വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയാൻ എനിക്ക് കഴിയില്ല.

ഇത്തരം കാര്യങ്ങൾ എന്നെ ബാധിക്കുന്നതേയില്ല, അതുപോലെ, പണ്ട് ഷൂട്ടോക്കെ ആയിട്ട് നല്ല തിരക്കായിരുന്നപ്പോൾ ബ്രേക്ക് എടുത്ത് വെറുതെ ഇരിക്കാൻ കൊതിച്ച നിമിഷങ്ങൾ വരെ ഉണ്ടായിട്ടുണ്ട്'' നിഷ പറഞ്ഞു.

കഴിഞ്ഞ 26 വർഷമായി താൻ അഭിനയരംഗത്തുണ്ടെന്നും, അതിൽ ഒൻപത് വർഷം മാത്രമാണ് 'ഉപ്പും മുളകിൽ' ഉണ്ടായിരുന്നതെന്നും നിഷ വ്യക്തമാക്കി. ഇതിനു മുൻപും താൻ സിനിമകളിലും സീരിയലുകളിലുമായി തിരക്കിലായിരുന്നു. ഏകദേശം നൂറോളം സിനിമകളും അമ്പതോളം സീരിയലുകളും ചെയ്തിട്ടുണ്ട്.

ഓരോ കലാകാരനും എപ്പോഴെങ്കിലും നല്ലൊരു ബ്രേക്ക് ലഭിക്കും. അതുപോലെ തനിക്ക് ലഭിച്ച ഒന്നാണ് 'ഉപ്പും മുളകും'. സ്വാഭാവികമായ അഭിനയത്തിനുള്ള ഒരു പ്ലാറ്റ്‌ഫോം അതായിരുന്നു. അത് തൻ്റെ അഭിനയ ജീവിതത്തിന് ഒരുപാട് ഗുണം ചെയ്തു.

ഇപ്പോഴും സിനിമകളും ടെലിവിഷൻ പരമ്പരകളും ഒരുപോലെ കൊണ്ടുപോകുന്നുണ്ടെന്നും, പുതിയ സീരിയൽ ഉടൻ സംപ്രേക്ഷണം ചെയ്യുമെന്നും നിഷാ സാരംഗ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.