ചെന്നൈ: ധ്രുവ് വിക്രം നായകനാകുന്ന പുതിയ ചിത്രം 'ബൈസൺ' സിനിമയുടെ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് നടി രജീഷ വിജയൻ വികാരാധീനയായി വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രീ റിലീസ് വേദിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

സംവിധായകൻ മാരി ശെൽവരാജിനെക്കുറിച്ചും അദ്ദേഹത്തോടുള്ള വിശ്വാസത്തെക്കുറിച്ചും രജീഷ സംസാരിച്ചു. 'കർണൻ' സിനിമയിലേക്ക് മാരി ശെൽവരാജ് വിളിച്ചപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു. പരിയേറും പെരുമാൾ കണ്ട ശേഷം താൻ അദ്ദേഹത്തിന്റെ ആരാധികയായി മാറിയിരുന്നു. എന്നാൽ, പിന്നീട് ചെയ്ത രണ്ട് സിനിമകളിലേക്ക് തന്നെ പരിഗണിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ കഥാപാത്രത്തിന് താൻ അനുയോജ്യമല്ലെന്നായിരുന്നു മാരിയുടെ മറുപടി.

ഒരു സംവിധായകനുമായി നല്ല കെമിസ്ട്രി ഉടലെടുത്താൽ വീണ്ടും അവരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കും. അത്തരത്തിൽ ഒരിക്കൽ മാരി വിളിച്ചു സിനിമ ചെയ്യാൻ പോകുന്ന കാര്യം പറയുകയായിരുന്നു. സഹോദരി വേഷമായതുകൊണ്ട് താൻ ചെയ്യുമോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ, ചേച്ചി, അനിയത്തി, അമ്മ എന്ന വേർതിരിവില്ലെന്നും താങ്കളോടൊപ്പം അഭിനയിച്ചാൽ മതിയെന്നുമായിരുന്നു തന്റെ മറുപടിയെന്നും രജീഷ ഓർത്തെടുത്തു.

വർക്ക് ഷോപ്പുകളിൽ പങ്കെടുത്തപ്പോഴും സിനിമയുടെയോ കഥാപാത്രത്തിന്റെയോ വിശദാംശങ്ങൾ തനിക്കറിയില്ലായിരുന്നു. പൂർണ്ണമായ വിശ്വാസത്തിന്റെ പുറത്താണ് ഈ സിനിമ ഏറ്റെടുത്തതെന്നും കരിയറിൽ മുപ്പതോളം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരു സംവിധായകനോടും ഇത്രയും വിശ്വാസം തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു.

'കർണൻ' സിനിമയ്ക്കായി നീന്തൽ പഠിച്ചിരുന്നു. 'ബൈസൺ' സിനിമയുടെ ഷൂട്ടിനിടെ പെട്ടെന്ന് ഒരു രംഗത്തിനായി വെള്ളത്തിൽ ചാടാൻ സംവിധായകൻ ആവശ്യപ്പെട്ടു. നീന്താനറിയാമോ എന്ന് ചോദിച്ചപ്പോൾ, നാല് വർഷം മുൻപ് നീന്തിയിട്ടുള്ളതും ഇപ്പോൾ മറന്നുപോയതുമായ കാര്യത്തെക്കുറിച്ച് ഓർക്കാതെ അറിയാമെന്ന് പറയുകയായിരുന്നു. അനുപമ വെള്ളത്തിൽ ചാടിയതിന് പിന്നാലെ താനും ചാടി. എന്നാൽ, തന്റെ കാലിൽ പാവാട കുടുങ്ങുകയും വെള്ളത്തിനടിയിലേക്ക് വലിഞ്ഞു താഴേക്ക് പോകുകയും ചെയ്തു. ആ അഞ്ച് സെക്കൻഡ് തൻ്റെ അവസാനമായിരിക്കും എന്ന് കരുതി. ആളുകൾ തന്നെ രക്ഷിക്കുന്നതായി തോന്നി. ചുറ്റും നോക്കിയപ്പോൾ കൂളിംഗ് ഗ്ലാസ് പോലും ഊരാതെ തന്നെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ മാരി ശെൽവരാജിനെയാണ് കണ്ടതെന്നും രജീഷ വിജയൻ വേദനയോടെ ഓർത്തെടുത്തു.