ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് രംഭ. തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വളരെ സജീവമായിരുന്നു നടി. രണ്ട് പതിറ്റാണ്ടോളം അഭിനയത്തില്‍ നിറഞ്ഞു നിന്നതിന് ശേഷമാണ് രംഭ സിനിമാ ലോകത്തോട് വിട പറയുന്നത്. വിവാഹത്തോടെയായിരുന്നു നടി ബ്രേക്കെടുത്തത്. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് രംഭ.

അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ രംഭ പറഞ്ഞു. 'സിനിമ എല്ലായ്‌പ്പോഴും എന്റെ ആദ്യ പ്രണയമായിരുന്നു, ഒരു നടിയെന്ന നിലയില്‍ എന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ സമയമായി എന്ന് തോന്നുന്നു.

അഭിനയത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്താനും പ്രേക്ഷകരുമായി അര്‍ഥവത്തായ രീതിയില്‍ ബന്ധപ്പെടാനും എന്നെ അനുവദിക്കുന്ന, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്'.- രംഭ പറഞ്ഞു. അഭിനയത്തില്‍ സജീവമല്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായി രംഭ മിനി സ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം രംഭയും ഭര്‍ത്താവും നടന്‍ വിജയ്യെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. മലയാളത്തിലും ഒട്ടേറെ സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. രംഭയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് ആരാധകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്.