കൊച്ചി: ഭർത്താവ് നിർബന്ധിച്ചല്ല, ഇസ്ലാമിനോട് ഇഷ്ടം തോന്നിയതിനാലാണ് താൻ മതം മാറിയതെന്ന് സീരിയൽ താരം സ്മിത. ദുബായിൽ ജോലി ചെയ്ത സമയത്ത് ഇസ്ലാമിനോട് താത്പര്യം തോന്നുകയും മൂന്നുമാസത്തോളം മതം പഠിച്ച ശേഷം ഇസ്ലാം സ്വീകരിക്കുകയുമായിരുന്നുവെന്ന് സ്മിത ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തന്റേത് ഇന്റർകാസ്റ്റ് മാര്യേജ് ആണെന്നും ഭർത്താവ് സ്ട്രിക്റ്റ് ആയ വ്യക്തിയല്ലെന്നും തന്നെ താനായി ജീവിക്കാൻ അനുവദിക്കുന്നയാളാണെന്നും സ്മിത പറഞ്ഞു. "സ്മിതാ, നീ തലയിൽ തുണിയിട്ട് നടക്കണമെന്നോ മറ്റ് നിയന്ത്രണങ്ങളോ ഭർത്താവ് പറയാറില്ല. എന്റെ ഇഷ്ടത്തിനാണ് മതം മാറിയത്. ഞാൻ ബി.എസ്.സി നഴ്സാണ്. അഞ്ചുവർഷത്തോളം ദുബായിൽ ജോലി ചെയ്തു. മുസ്ലീം രാജ്യത്ത് നിന്നപ്പോഴാണ് എനിക്ക് ഇസ്ലാമിനോട് ഒരിഷ്ടം തോന്നിയത്. അത് പോയി പഠിച്ചു. മൂന്നുമാസം മതം പഠിച്ചു. ഖുർആൻ ഓതാൻ അറിയില്ലെങ്കിലും നിസ്കരിക്കാനും മറ്റ് കാര്യങ്ങളുമൊക്കെ അറിയാം. അതിനുശേഷമാണ് വിവാഹം കഴിച്ചത്. ഭർത്താവ് ഷക്കീലിന് വേണ്ടി മതം മാറിയതല്ല. അവരുടെ കൂടെ നിൽക്കുമ്പോൾ അവരുടെ രീതിയിൽ പോകാനാണ് ആഗ്രഹം," സ്മിത കൂട്ടിച്ചേർത്തു.

സ്ലീവ്‌ലെസ് വസ്ത്രം ധരിക്കുന്ന തന്നെ മുസ്ലീം ആയിട്ട് പോലും എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും താരം പറഞ്ഞു. പത്തുവർഷം മുൻപാണ് സ്മിത വിവാഹിതയായത്. ഒമ്പത് വയസ്സുള്ള ഒരു മകനുണ്ട്. തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും സ്മിത വ്യക്തമാക്കി.

തന്റെ പേര് ഇപ്പോഴും സ്മിത സാമുവൽ എന്ന് തന്നെയാണ്. പള്ളിയിൽ ജന്നത്ത് എന്ന പേരും ലഭിച്ചിട്ടുണ്ട്. താൻ പള്ളിയിൽ പോകാറുണ്ട്. അമ്പലത്തിൽ പോയാലും സമാധാനം കിട്ടുമെങ്കിൽ അങ്ങോട്ടും പോകുമെന്നും താരം കൂട്ടിച്ചേർത്തു.