'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയും ഫിറ്റ്നസ് ട്രെയിനറുമായ വി.എസ്. സൗമ്യയെ സമൂഹമാധ്യമങ്ങളിൽ പല പേരുകളിട്ട് അധിക്ഷേപിക്കുന്നതായി അവർ തന്നെ വെളിപ്പെടുത്തി. താൻ ട്രാൻസ്ജെൻഡർ, ലെസ്ബിയൻ, ഷീമെയിൽ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നതായും, മുടി വെട്ടി ആൺകുട്ടികളെപ്പോലെ നടക്കുന്നതിനാലാണ് ഇത്തരം വിളികൾ കേൾക്കേണ്ടി വരുന്നതെന്നും സൗമ്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

"ആറു വർഷത്തോളമായിട്ട് ഇത്തരം പല പേരുകളും കേൾക്കുന്നു. പറയുന്നവരെ തിരുത്താൻ ഞാൻ നിന്നിട്ടില്ല. കാരണം, ഷോർട്ട് ഹെയർ ആയതുകൊണ്ട് പലർക്കും എന്നെ കാണുമ്പോൾ ആൺകുട്ടിയാണോ പെൺകുട്ടിയാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന സംശയം തോന്നാം. എന്നാൽ എനിക്ക് അങ്ങനെയൊരു സംശയമില്ല. ഞാൻ ഒരു പെൺകുട്ടിയാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവോ അങ്ങനെ ഇരിക്കട്ടെ," സൗമ്യ കുറിപ്പിൽ വ്യക്തമാക്കി.

താൻ എന്തുകൊണ്ട് മുടി വെട്ടി ഇങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചും സൗമ്യ വിശദീകരിച്ചു. തന്റെ മുഖത്തിന് ഷോർട്ട് ഹെയർ ആണ് കൂടുതൽ ചേരുന്നതെന്നും, നീണ്ട മുടി ഒരിക്കലും ഇഷ്ടമായിരുന്നില്ലെന്നും അവർ പറയുന്നു. കായികരംഗത്ത് സജീവമായിരുന്ന കാലത്ത് മുടിയില്ലാത്തത് ഒരു ട്രെൻഡ് കൂടിയായിരുന്നു. ആദ്യമായി മുടി വെട്ടിയപ്പോൾ കിട്ടിയ ആ കംഫർട്ട് പിന്നീട് കളയാൻ തോന്നിയില്ല. വീട്ടുകാർ പോലും മുടി വളർത്താൻ നിർബന്ധിച്ചിട്ടില്ലെന്നും സൗമ്യ കൂട്ടിച്ചേർത്തു.