'ഓട്ടോഗ്രാഫ്' എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരം ശ്രീക്കുട്ടി പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും വ്ലോഗുകളിലൂടെ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ വേട്ടയാടുന്ന അസുഖങ്ങളെക്കുറിച്ചും അതിന് പിന്നിലെ ചില 'വിചിത്ര' സംശയങ്ങളെയുമാണ് താരം പുതിയ വീഡിയോയിൽ വെളിപ്പെടുത്തിയത്.

മാസത്തിൽ ഒരിക്കലെങ്കിലും ആശുപത്രിയിൽ പോകേണ്ടി വരുന്ന അവസ്ഥയിലാണ് താനെന്ന് ശ്രീക്കുട്ടി പറയുന്നു. "ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കിൽ സമാധാനം കിട്ടില്ല എന്ന അവസ്ഥയാണിപ്പോൾ. ജീവിതത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അസുഖങ്ങളാണ് ഇപ്പോൾ വരുന്നത്. ആമ മോതിരം ധരിച്ചതിന് ശേഷമാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് അറിയില്ല," താരം പറയുന്നു. ഇത്തരം വിശ്വാസങ്ങളിൽ തനിക്ക് വലിയ താല്പര്യമില്ലെങ്കിലും, ആമ മോതിരം അണിഞ്ഞു തുടങ്ങിയ ശേഷം ആശുപത്രി സന്ദർശനങ്ങൾ പതിവായത് താരം ചൂണ്ടിക്കാട്ടി.

നേരത്തെ തലവേദന വന്ന് ആശുപത്രിയിൽ ഡ്രിപ്പ് ഇടേണ്ടി വന്ന സാഹചര്യമുണ്ടായി. എന്നാൽ ഇപ്പോഴുണ്ടായ കഠിനമായ നടുവേദനയാണ് താരത്തെ കൂടുതൽ വലച്ചത്. "രാത്രി ഒന്നു തിരിയാനോ മറിയാനോ പറ്റാത്ത അത്രയും വേദനയായിരുന്നു. ജീവിതത്തിൽ ഇന്നുവരെ നടുവേദന വന്നിട്ടുള്ള ആളല്ല ഞാൻ," ശ്രീക്കുട്ടി വ്ലോഗിൽ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ യൂറിനറി ഇൻഫെക്ഷനും ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ധാരാളം വെള്ളം കുടിക്കാറുള്ള തനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊരു അണുബാധ ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ശ്രീക്കുട്ടി കൂട്ടിച്ചേർത്തു.

ക്യാമറാമാൻ മനോജ് കുമാറിന്റെ ഭാര്യയും വേദ എന്ന മകളുടെ അമ്മയുമായ ശ്രീക്കുട്ടി, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ആശുപത്രി അനുഭവങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആമ മോതിരം പോലുള്ള വസ്തുക്കൾ ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർക്കിടയിൽ, ശ്രീക്കുട്ടിയുടെ ഈ തുറന്നുപറച്ചിൽ വ്യത്യസ്തമായൊരു ചർച്ചയ്ക്ക് വഴിമാറുകയാണ്.