- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആഗ്രഹിച്ചതെല്ലാം കൈവെള്ളയിലുണ്ട്, പക്ഷേ സന്തോഷം മാത്രം ദൂരെ'; മനസ് തുറന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി; 'നമുക്ക് സെറ്റാക്കാം വാവേ' എന്ന് ഭർത്താവ് രാഹുൽ

കൊച്ചി: ജീവിതത്തിൽ ആഗ്രഹിച്ച നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടും ഉള്ളിന്റെയുള്ളിൽ സന്തോഷം കണ്ടെത്താനാകാത്ത അവസ്ഥ പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വീഡിയോയിലൂടെയാണ് താരം തന്റെ മാനസികാവസ്ഥ തുറന്നുപറഞ്ഞത്. എപ്പോഴും ഊർജ്ജസ്വലതയോടെയും ചിരിയോടെയും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ശ്രീവിദ്യയുടെ ഈ വെളിപ്പെടുത്തൽ ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ചിന്തിപ്പിക്കുന്നതാണ്.
"ജീവിതം എപ്പോഴും പൂർണ്ണമല്ലെന്ന് എനിക്കറിയാം. ലോകം ഇടിഞ്ഞുവീണാലും ഞാൻ സന്തോഷവതിയായിരിക്കുമെന്നാണ് അമ്മ പോലും എന്നെക്കുറിച്ച് പറയാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഞാൻ കടന്നുപോകുന്നത് വലിയൊരു മാനസിക സംഘർഷത്തിലൂടെയാണ്," ശ്രീവിദ്യ വീഡിയോയിൽ പറയുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു നിൽക്കുന്ന സമയമാണിതെന്നും വർക്ക് ലൈഫിൽ താൻ അതീവ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.
ഏറെ ആഗ്രഹിച്ച ഒരു പുതിയ ഷോയിൽ ജോയിൻ ചെയ്യാൻ ഒരുങ്ങുന്നതിന്റെ തിരക്കുകളിലാണെങ്കിലും ഇതൊന്നും ആസ്വദിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്ന് ശ്രീവിദ്യ വെളിപ്പെടുത്തി. "ആഗ്രഹിച്ചതെല്ലാം ഉണ്ട്, പക്ഷേ മനസ്സിനോ ശരീരത്തിനോ അതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഭയങ്കരമായ ക്ഷീണം അനുഭവപ്പെടുന്നു. ഇതിനൊരു പരിഹാരമുണ്ടെങ്കിൽ ദയവുചെയ്ത് പറഞ്ഞുതരൂ," എന്ന ശ്രീവിദ്യയുടെ വാക്കുകൾ മാനസികാരോഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശ്രീവിദ്യയുടെ വീഡിയോയ്ക്ക് താഴെ ആശ്വാസവാക്കുകളുമായി ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും എത്തി.
"നമുക്ക് സെറ്റാക്കാം വാവേ" എന്നായിരുന്നു രാഹുലിന്റെ സ്നേഹം നിറഞ്ഞ കമന്റ്. പിന്നാലെ നടി അശ്വതി ശ്രീകാന്തും തന്റെ നിരീക്ഷണം പങ്കുവെച്ചു. ജീവിതത്തിൽ ദീർഘകാലം വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നവർ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാറുണ്ടെന്ന് അശ്വതി ചൂണ്ടിക്കാട്ടി. ശരീരത്തിനും മനസ്സിനും ഇടയ്ക്ക് വിശ്രമം ആവശ്യമാണെന്നും വേഗത കുറച്ച് ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പ്രൊഫഷണൽ തെറാപ്പി തേടുന്നതും ഈ സാഹചര്യത്തിൽ സഹായകരമാകുമെന്നും അശ്വതി കുറിച്ചു.


