കൊച്ചി: ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. തന്റെ വിശേഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനൊപ്പം ശ്രീവിദ്യ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് തനിക്ക് കാണാൻ ഭയമുള്ള, അല്ലെങ്കിൽ ഇനിയൊരിക്കൽ കൂടി കാണാൻ കഴിയില്ലെന്ന് ഉറപ്പുള്ള സിനിമകളെക്കുറിച്ച് ശ്രീവിദ്യ പങ്കുവെച്ച വാക്കുകളാണ്.

മലയാളികൾ ഹൃദയത്തിലേറ്റിയ പല ചിത്രങ്ങളും കാണാൻ തനിക്ക് മാനസികമായി പ്രയാസമുണ്ടെന്നാണ് ശ്രീവിദ്യ പറയുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ 'പത്തേമാരി' ആണ് ഈ പട്ടികയിൽ ഒന്നാമത്. സിനിമയുടെ പ്രമേയം എന്താണെന്ന് അറിയാമെങ്കിലും തന്റെ അച്ഛൻ പ്രവാസിയായതിനാൽ ആ ചിത്രം കാണാനുള്ള ധൈര്യം ഇതുവരെ വന്നിട്ടില്ലെന്ന് താരം പറയുന്നു. "മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും ഞാൻ ഇതുവരെ കാണാത്ത സിനിമയാണ് പത്തേമാരി. എന്റെ അച്ഛൻ ഗൾഫിലായതുകൊണ്ട് ആ സിനിമ കാണാനുള്ള ത്രാണി എനിക്കില്ല." - ശ്രീവിദ്യ വ്ളോഗിൽ വ്യക്തമാക്കി.

മലയാളികളെ ഒന്നടങ്കം കരയിപ്പിച്ച 'ആകാശദൂത്' എന്ന ചിത്രത്തെക്കുറിച്ചും ശ്രീവിദ്യ വാചാലയായി. ചിത്രത്തിന്റെ രണ്ടാം പകുതി കഴിഞ്ഞാൽ പിന്നെ കാണുക എന്നത് പലർക്കും അസാധ്യമായ കാര്യമാണ്. അടുത്തിടെ കണ്ട 'സൗദി വെള്ളക്ക' എന്ന ചിത്രവും തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും, ആ സിനിമ കണ്ടുകഴിഞ്ഞാൽ രണ്ടു ദിവസത്തേക്ക് മനസ്സിന് ഭയങ്കര ഭാരമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

ശ്രീവിദ്യയുടെ ഈ സങ്കടപ്പട്ടികയിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ചിത്രമാണ് 'വാഴ 2'. ചിത്രത്തിന്റെ രണ്ടാം പകുതി നൽകുന്ന വൈകാരികത തനിക്ക് താങ്ങാനാവില്ലെന്നും ഇനിയൊരിക്കൽ കൂടി അത് കാണാൻ തനിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീവിദ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.