ലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ശ്രുതി രജനീകാന്ത്. ചുരുക്കം കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രശസ്‍തയായത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. വിവാഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെയാണ് ഇപ്പോൾ താരം മനസ് തുറന്നിരിക്കുന്നത്.

ശ്രുതിയുടെ വാക്കുകൾ..

''കല്യാണത്തിന്റെ കാര്യം വരുമ്പോൾ ആണ് വീട്ടിൽ അടി. അല്ലാതെ മറ്റെല്ലാ കാര്യങ്ങൾക്കും അവർ എനിക്കു സപ്പോർട്ട് ആണ്. ബിസിനസ് തുടങ്ങാൻ പോകുകയാണെന്ന് പറ‍ഞ്ഞപ്പോളും അഭിനയിക്കാൻ തുടങ്ങിയപ്പോഴുമെല്ലാം എനിക്ക് വലിയ പിന്തുണയാണ് തന്നത്. എന്നാൽ കല്യാണം കഴിക്കുന്നില്ല എന്നു പറഞ്ഞാൽ അടിയാകും. പ്രായമാകുമ്പോൾ ഒപ്പം ആരും ഉണ്ടാകില്ല എന്നാണ് അവർ പറയുന്നത്. എനിക്ക് എന്റെ അനിയൻ ഉണ്ടാകുമെന്ന് ഞാൻ അവരോട് പറയും'', ശ്രുതി പറഞ്ഞു. തന്റെ വീട്ടുകാർക്ക് താനൊരു ബാധ്യത അല്ലെന്നും ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ശ്രുതി പറയുന്നു.

സെലിബ്രിറ്റി ആയാൽ വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ടോ എന്നും താരം ചോദിക്കുന്നു.''യൂട്യൂബ് ചാനൽ വളർത്താൻ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം. അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല. എന്റെ അനിയൻ ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞാലും അവന്റെ വീട്ടിൽ കയറിച്ചെന്ന് ബാധ്യത ആകാനൊന്നും ‍ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ അനിയൻ എന്നെ പുറത്താക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല. അതിനുള്ള അവസരം ഞാനവന് കൊടുക്കില്ല. പിന്നെ ഏതൊരു റിലേഷൻ ആയാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട ആവശ്യമില്ല'', ശ്രുതി വ്യക്തമാക്കി.