ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് നടി സുമ ജയറാം. മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനിന്ന നടിയാണ് സുമ ജയറാം. 37-ാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ വിവാഹം ചെയ്തത്. 47-ാം വയസിലാണ് സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മദ്യപിച്ചാലും സ്മോക്ക് ചെയ്താലും ഉണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് മക്കളെ ബോധ്യപ്പെടുത്താന്‍ അവരുടെ അച്ഛനെ ചൂണ്ടിക്കാണിച്ച് കൊടുക്കും എന്നാണ് സുമ പറയുന്നത്.

''എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല ചെയിന്‍ സ്മോക്കറാണ്. എന്റെ മക്കള്‍ ചെറുതാണ് അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്മോക്കിങ്, നോ ഡ്രിങ്ക്സ്, നോ ഡ്രഗ്സ്, നോ ബാഡ് ഫ്രണ്ട്സ്.. ഈ നാല് കാര്യങ്ങളാണ് മക്കള്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഞാന്‍ രാവിലെ ആദ്യം പറയുന്നത്.'

'ആണ്‍കുട്ടികള്‍ ആയതുകൊണ്ട് ഭാവിയില്‍ ഒരു തവണയെങ്കിലും സ്മോക്ക് ചെയ്യാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അവര്‍ക്ക് ബോധ്യം ഉണ്ടാകണം. അതിന് വേണ്ടി ഞാന്‍ അവരുടെ അച്ഛനെ കാണിച്ചു കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, സ്മോക്ക് ചെയ്യുന്നുണ്ട് മദ്യപിക്കുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും.''

''വിവാഹത്തിന് ശേഷം ഞാന്‍ അത്രമാത്രം മടുത്തിട്ടുണ്ട് ഈ കാര്യങ്ങള്‍ കൊണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. എന്നെ ഉലച്ചത് ഭര്‍ത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങുമാണ്'' എന്നാണ് സുമ ജയറാം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

1988ല്‍ ഉല്‍സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. തുടര്‍ന്ന് കുട്ടേട്ടന്‍, വചനം, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ക്രൈം ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യോഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ ജയറാം അഭിനയിച്ചിട്ടുണ്ട്.