- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്; അതൊക്കെ ഞാൻ അംഗീകരിക്കുന്നു; പിന്നെ നിങ്ങൾക്ക് കളിയാക്കാൻ ഉള്ള ഫ്രീഡം ഉണ്ട്; തുറന്നുപറഞ്ഞ് സ്വാസിക

തന്റെ ഇംഗ്ലീഷ് സംഭാഷണത്തെച്ചൊല്ലിയുണ്ടായ സൈബർ പരിഹാസങ്ങളോട് ശക്തമായ മറുപടിയുമായി നടി സ്വാസിക വിജയ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അബുദാബിയിൽ കുടുങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് തുറന്നുസമ്മതിച്ച സ്വാസിക, തെറ്റുകൾ അംഗീകരിക്കുന്നുവെന്നും കളിയാക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്റിലൂടെ വ്യക്തമാക്കി.
ഫെബ്രുവരി 28-ന് അബുദാബിയിൽനിന്ന് നാട്ടിൽ തിരിച്ചെത്തേണ്ടിയിരുന്ന സ്വാസികയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയത് കാരണം ഒരാഴ്ചയോളം വൈകിയാണ് മടങ്ങിയെത്താനായത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു വിദേശരാജ്യത്ത് ഒറ്റയ്ക്കായിരുന്നതിനാൽ ചെറിയ ഭയം തോന്നിയിരുന്നുവെന്നും എന്നാൽ വലിയ ആശങ്കകളുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. യാത്രാ ഏജൻസി ഉൾപ്പെടെ എല്ലാവരും മികച്ച പിന്തുണ നൽകിയതായും താരം വ്യക്തമാക്കിയിരുന്നു.
എന്നാൽ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ പലരും സ്വാസികയുടെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. ഈ സൈബർ ആക്രമണങ്ങളോടാണ് താരം പ്രതികരിച്ചത്. "എന്നോട് ഇംഗ്ലീഷിൽ പറയാൻ പറഞ്ഞു. എനിക്കു പറ്റുന്നതുപോലെ ഞാൻ പറഞ്ഞു. എനിക്കു ഇംഗ്ലീഷ് അറിയില്ല എന്ന് ഞാൻ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾക്ക് കളിയാക്കാൻ ഉള്ള ഫ്രീഡം ഉണ്ട്. എനിക്കു പറ്റിയ തെറ്റുകൾ ഞാൻ അംഗീകരിക്കുന്നു," എന്നായിരുന്നു സ്വാസികയുടെ കമന്റ്.
സ്വാസികയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നന്നായി സംസാരിച്ചുവെന്നും നെഗറ്റീവുകൾ കാര്യമാക്കേണ്ടതില്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഭാഷ പ്രധാനമായും ആശയവിനിമയത്തിനുള്ള ഉപാധിയാണെന്നും അതിനപ്പുറമുള്ളതൊന്നും പ്രാധാന്യമുള്ളതല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ഒരു പ്രതിസന്ധി ഘട്ടത്തിൽ തന്റെ അനുഭവം പങ്കുവെച്ചതിന് ഒരു താരത്തിനെ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് പരിഹസിക്കുന്നത് ശരിയല്ലെന്നും വിമർശകർ അഭിപ്രായപ്പെട്ടു.


