മുംബൈ: ദ് കേരള സ്റ്റോറി എന്ന ഒറ്റ ചിത്രത്തോടെ കരിയർ തന്നെ മാറി മറിഞ്ഞ താരമാണ് അദ ശർമ്മ. നാലോളം പ്രൊജക്ടുകളാണ് ഒരു വർഷത്തിനിടെ താരത്തിന്റേതായി പുറത്തുവന്നത്. എന്നാൽ തുടർച്ചയായുള്ള ഷൂട്ടിങ്ങുകൾ കാരണം സ്‌ട്രെസ് കൂടിയെന്നും ഇതിന്റെ ഫലമായി എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയിലൂടെ തനിക്ക് കടന്നു പോകേണ്ടി വന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.

'കേരള സ്റ്റോറി ചെയ്യുന്ന സമയത്ത് ശരീരം മെലിയണമായിരുന്നു, കമാൻഡോയിൽ ബോഡി നല്ല ഫിറ്റായി ഇരിക്കണമായിരുന്നു, സൺഫ്‌ളവർ സീസൺ 2 വിൽ വളരെ സെക്‌സി ലുക്കിലും. അങ്ങനെ ഓരോ സിനിമകൾക്കും വണ്ണം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യേണ്ടി വന്നു. ബസ്തറിൽ ശരീരഭാരം കൂട്ടണമായിരുന്നു. ശരിക്കും വണ്ണം കൂട്ടുന്ന സമയത്ത് നമ്മൾ വളരെ ശ്രദ്ധയോടെയായിരിക്കും ചെയ്യുക. പക്ഷേ ഷൂട്ടിങ്ങിനായി ചെയ്യുമ്പോൾ ചിലപ്പോൾ ഇതെല്ലാം കൃത്യമായി നോക്കാൻ പറ്റിയെന്ന് വരില്ല.

പ്രത്യേകിച്ച് ശാരീരികാധ്വാനം ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള സിനിമകളിൽ. ബസ്തറിന്റെ ഷൂട്ടിനിടയിൽ എനിക്ക് പരുക്ക് പറ്റി. എന്റെ ഇടുപ്പ് തെന്നി മാറി, അതിന്റെ ഭാഗമായി നട്ടെല്ലിന് പ്രശ്‌നമുണ്ടായി. ശരിക്കും എന്റെ ശരീരം വളരെ ഫ്‌ളെക്‌സിബിളായിരുന്നു. പക്ഷേ പരുക്ക് പറ്റിയതിന് ശേഷം എന്റെ ശാരീരികാവസ്ഥ വളരെ മോശമായി. ആ സിനിമയും എനിക്ക് ഭയങ്കര സമ്മർദമേറിയതായിരുന്നു.

ഒരു കഥാപാത്രത്തെ ജീവിതത്തിൽ നിന്ന് എങ്ങനെ മാറ്റി നിർത്തണമെന്ന് എനിക്കറിയില്ല. ചില സമയങ്ങളിൽ അതെന്റെ ജീവിതത്തെ വരെ ബാധിക്കാൻ തുടങ്ങി. അങ്ങനെ അതിഭീകരമായ സ്‌ട്രെസിലൂടെ ഞാൻ കടന്നുപോയി. ഒടുവിൽ എൻഡോമെട്രിയോസിസ് എന്ന അവസ്ഥയിലേക്ക് ഞാനെത്തി. അതായത് ആർത്തവം നിൽക്കാതെ വരും, എനിക്ക് 48 ദിവസം വരെ ആർത്തവം നീണ്ടു നിന്നു. പിന്നീട് യോ?ഗയും നൃത്തവും വർക്കൗട്ടുമൊക്കെ ചെയ്താണ് വണ്ണം കുറച്ചതെന്നും അദ ശർമ്മ' പറയുന്നു.