തിരുവനന്തപുരം: ക്രിസ്റ്റി ടോമി സംവിധാനംചെയ്ത 'ഉള്ളൊഴുക്ക്' എന്ന സിനിമയെ ചലച്ചിത്രമേളകളില്‍ അവഗണിച്ചുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിയേറ്ററുകളില്‍ നാലാംവാരത്തിലെത്തിയ സിനിമ ഗോവ, തിരുവനന്തപുരം അന്താരാഷ്ട്രമേളകളില്‍ അയച്ചിരുന്നു. മികച്ച സിനിമയായിട്ടും രണ്ടിടത്തും അവഗണിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന ഐഎഫ്എഫ്‌കെയിലും ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐയിലും സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് ഉള്ളൊഴുക്ക്. അടുത്ത വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രത്യേകമായി ക്ഷണിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതി.

ഗോവ മേളയില്‍ തിരഞ്ഞെടുക്കാതിരുന്നതില്‍ ഒട്ടും അതിശയമില്ലെന്ന് അടൂര്‍ പറഞ്ഞു. കാരണം കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും അവിടെ കാണിക്കാറില്ല. ഏഴെട്ടു വര്‍ഷമായി ദേശീയ അവാര്‍ഡ് കിട്ടുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. ഗോവ മേളയുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയില്‍ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് സാംസ്‌കാരിക മന്ത്രിക്കെഴുതിയ കത്തില്‍ അടൂര്‍ ആവശ്യപ്പെടുന്നു.

മത്സരവിഭാഗം കൂടാതെയുള്ള മലയാളം സിനിമാവിഭാഗത്തില്‍ തിരഞ്ഞടുത്ത 12 സിനിമകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള യോഗ്യതപോലും നിഷേധിച്ചത് തെറ്റാണ്. അടുത്ത ഐ.എഫ്.എഫ്.കെ.യില്‍ ചിത്രം പ്രത്യേകം ക്ഷണിച്ചുവരുത്തി പ്രദര്‍ശിപ്പിക്കണം. മത്സരവിഭാഗത്തിലേക്കു പരിഗണിക്കുകയും വേണം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ഉള്ളൊഴുക്കി'ന്റെ സംവിധായകനെ അഭിനന്ദിക്കാന്‍ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെപ്പെറ്റി അറിഞ്ഞതെന്നും അടൂര്‍ വിശദീകരിച്ചു.

അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമയില്‍ പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് & അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് റീ-റെക്കോര്‍ഡിങ്ങ് മിക്‌സര്‍: സിനോയ് ജോസഫ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.