തിരുവനന്തപുരം: വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത 'മാളികപ്പുറം' എന്ന വിജയചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. 'മാളികപ്പുറം' കണ്ടതിന് ശേഷം തന്റെ മുൻ കാമുകി സിനിമയിൽ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും, താൻ നൽകിയ മറുപടി കേട്ട് അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

കോളേജ് പഠനകാലത്ത് താൻ ഒരു പെൺകുട്ടിയെ ഗൗരവമായി പ്രണയിച്ചിരുന്നുവെന്നും, എന്നാൽ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നപ്പോൾ ആ പെൺകുട്ടിയുടെ റൂംമേറ്റിനെയാണ് താൻ പ്രണയിച്ച് വിവാഹം ചെയ്തതെന്നും അഭിലാഷ് പിള്ള വെളിപ്പെടുത്തി. ആറ് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഈ വിവാഹം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മാളികപ്പുറം സിനിമ ഞാൻ ചെയ്തതിന് ശേഷം, വിദേശത്തുള്ള എന്റെ മുൻ കാമുകി എന്റെ നമ്പർ വാങ്ങി വിളിച്ചു. സിനിമ വളരെ നന്നായിട്ടുണ്ടെന്നും, താൻ വലിയ സിനിമാക്കാരനായല്ലേ എന്നുമെല്ലാം അവർ അഭിനന്ദിച്ചു. പിന്നീട് അടുത്ത സിനിമയിൽ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു," അഭിലാഷ് പിള്ള പറഞ്ഞു.

താൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "എന്റെ ജീവിതത്തിൽ ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു, അതിപ്പോൾ നന്നായിട്ട് എന്റെ വീട്ടിൽ ഒരാൾ ചെയ്യുന്നുണ്ട്." ഈ മറുപടി കേട്ട ഉടൻ അവർ കോൾ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള പറഞ്ഞു. 'ഷെഫ് നളൻ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിലാഷ് പിള്ളയുടെ ഈ രസകരമായ വെളിപ്പെടുത്തലുകൾ.