തിരുവനന്തപുരം: അച്ഛന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സിന്ധു കൃഷ്ണ പങ്കുവച്ച കുറിപ്പിന് താഴെ അധിക്ഷേപ കമന്റുമായി എത്തിയ ആൾക്ക് ചുട്ട മറുപടി നൽകി നടി അഹാന കൃഷ്ണ. അച്ഛന്റെ മരണം വീഡിയോ നിർമ്മിക്കാനുള്ള പുതിയ 'കണ്ടന്റ്' ആണെന്നും ഇവർ നാണംകെട്ടവരാണെന്നുമായിരുന്നു ഒരു വ്യാജ പ്രൊഫൈലിൽ നിന്നുള്ള പരിഹാസം. ഇതിനെതിരെ കടുത്ത ഭാഷയിലാണ് അഹാന പ്രതികരിച്ചത്.

"നിങ്ങളോട് നരകത്തിൽ പോകാൻ ഞാൻ ആവശ്യപ്പെടില്ല. കാരണം നരകം പോലും അവിടെ എത്തുന്നവരിൽ നിന്ന് ഒരു മിനിമം മാന്യത പ്രതീക്ഷിക്കുമെന്ന് ഞാൻ കരുതുന്നു" - അഹാന കുറിച്ചു. തന്റെ അച്ഛൻ രംഗനാഥൻ കൊച്ചുമകൻ ഓമിയെ (ദിയ കൃഷ്ണയുടെ മകൻ) മടിയിലിരുത്തി ലാളിക്കുന്ന പഴയൊരു വീഡിയോയാണ് സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "ഡാഡി" എന്ന് കുറിച്ചുകൊണ്ട് ഹൃദയം തകർന്ന ഇമോജിയോടെയാണ് സിന്ധു ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.

ഈ പോസ്റ്റിൽ അഹാന നൽകിയ മറുപടിക്ക് താഴെയാണ് വെറുപ്പ് നിറഞ്ഞ കമന്റുകളുമായി ഒരാൾ എത്തിയത്. "വീഡിയോ ഉണ്ടാക്കാൻ ഒരു വിഷയം കിട്ടി. നാണമില്ലാത്തവർ... ഇപ്പോൾ നിങ്ങൾ പറയും അച്ഛൻ മരിച്ചു 56 ദശക്ഷം കാഴ്ചക്കാർ എന്ന്. മുത്തച്ഛനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് അടുത്ത ആൾ വീഡിയോ അപ്‌ലോഡ് ചെയ്യും, അതിന് ഒരു മില്യൺ കാഴ്ചക്കാർ. കണ്ടന്റിന്റെ അഞ്ച് കീടങ്ങൾ, പൈസയോട് ആർത്തിയുള്ള ജോലിയില്ലാത്ത ആളുകൾ" - എന്നായിരുന്നു കമന്റ്.

അഹാനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരാളുടെ മരണത്തെയും അതിലൂടെയുണ്ടാകുന്ന ദുഃഖത്തെയും പണമുണ്ടാക്കാനുള്ള വഴിയായി കാണുന്ന ചിന്താഗതി സങ്കടകരമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു. സ്നേഹിച്ച ഒരാളുടെ ഓർമ്മകൾ നിലനിർത്താൻ ശ്രമിക്കുന്നതിനെ ഇത്തരത്തിൽ കാണാൻ എങ്ങനെ സാധിക്കുന്നുവെന്നും ആരാധകർ ചോദിക്കുന്നു.