- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ മലിനീകരണം 'ജെഫ്രി എപ്സ്റ്റിൻ കാറ്റും' വഴി ഇങ്ങോട്ട് എത്തിയോ?; ഈ നിയമം ഉദ്യോഗസ്ഥർക്കും ബാധകമാണോ; 'നോ വെഹിക്കിൾ ഡേ' പ്രഖ്യാപനത്തിനെതിരെ ഐഷ സുൽത്താന

കവരത്തി: ലക്ഷദ്വീപിൽ മലിനീകരണ നിയന്ത്രണത്തിന്‍റെ ഭാഗമായി ബുധനാഴ്ചകളിൽ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായിക ഐഷ സുൽത്താന. ഈ മാസം 25 മുതൽ എല്ലാ ബുധനാഴ്ചകളും 'നോ വെഹിക്കിൾ ഡേ' ആയി ആചരിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ശുദ്ധവായു ലഭിക്കുന്ന ദ്വീപിൽ എവിടെയാണ് മലിനീകരണമെന്ന് ചോദ്യം ചെയ്ത ഐഷ, ഈ ഉത്തരവ് തികച്ചും വിചിത്രമാണെന്ന് ആരോപിച്ചു.
ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പ്രകൃതിരമണീയമായ ദ്വീപിന്‍റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇന്ത്യയിൽ ഇത്തരമൊരു നീക്കം ആദ്യമായിട്ടാണെന്നും ലക്ഷദ്വീപ് ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. ഭരണകൂടത്തിന്‍റെ ഈ പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഐഷ സുൽത്താന തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ മലിനീകരണം വല്ല 'ജെഫ്രി എപ്സ്റ്റിൻ കാറ്റും' വഴി ലക്ഷദ്വീപിലേക്ക് എത്തിയതാണോ എന്ന് ബിജെപി നേതാക്കൾ വ്യാഖ്യാനിച്ചേക്കാം എന്ന് അവർ പരിഹസിച്ചു.
ജനങ്ങളോട് ബുധനാഴ്ചകളിൽ ബൈക്കുകളോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കുന്ന ഭരണകൂടം, ഈ നിയമം ഉദ്യോഗസ്ഥർക്കും ബാധകമാണോ എന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിലേക്ക് നടന്നും സൈക്കിൾ ചവിട്ടിയും പോയി ജനങ്ങൾക്ക് മാതൃകയാകണമെന്നാണ് തന്‍റെ അഭിപ്രായമെന്നും "ഡൽഹിയിലെ പൊല്യൂഷൻ ലക്ഷദ്വീപിനെ ചതിച്ചതാ" എന്ന പരിഹാസത്തോടെയുമാണ് അവർ പോസ്റ്റ് അവസാനിപ്പിച്ചത്.


