ചെന്നൈ: വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ നായകന്മാരാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലാൽ സലാം. ചിത്രത്തിൽ രജനികാന്ത് കാമിയോ വേഷത്തിൽ എത്തിയിരുന്നു. എന്നിട്ടും ഈ സിനിമയെ പിടിച്ചു നിർത്താൻ സാധിച്ചില്ല. വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് പക്ഷേ ബോക്സോഫീസിൽ അമ്പേ പരാജയമായി. ഇപ്പോൾ ചിത്രത്തേക്കുറിച്ച് ഐശ്വര്യ പറഞ്ഞ ഒരു കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ലാൽസലാമിനുവേണ്ടി ചിത്രീകരിച്ച 21 ദിവസത്തെ ദൃശ്യങ്ങൾ എങ്ങനെയോ നഷ്ടപ്പെട്ടുപോയിരുന്നു എന്നാണ് സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ തുറന്നുപറഞ്ഞത്. രജനികാന്ത് അടക്കമുള്ള താരങ്ങൾ റീ ഷൂട്ടിന് റെഡിയായിരുന്നെങ്കിലും അത് ചെയ്യാൻ സാധിച്ചില്ല. പിന്നെ ഉള്ള രംഗങ്ങൾ വെച്ച് എഡിറ്റ് ചെയ്താണ് ചിത്രം പുറത്തിറക്കിയതെന്നും അവർ വ്യക്തമാക്കി.

'ഞങ്ങൾക്കൊരിക്കലും വിശ്വസിക്കാൻപോലുമാവാത്ത ഒരു സത്യമാണ് ആ സംഭവം. ഇതുപോലെയൊക്കെ നടക്കുമോ എന്ന് തോന്നി. ഏകദേശം 21 ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളാണ് നഷ്ടമായത്. അത് സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്‌കുകൾ കാണാതെപോയത് വലിയ ഉത്തരവാദിത്തമില്ലായ്മയാണ്. അങ്ങനെ ഒരിക്കലും നടക്കാൻപാടില്ലായിരുന്നു. ഒരു ക്രിക്കറ്റ് മാച്ച് ഷൂട്ട് ചെയ്യണമായിരുന്നു. വലിയ ബജറ്റ് ആവേണ്ടെന്നുകരുതി ഒരു ഗ്രൗണ്ടിൽ വിവിധയിടങ്ങളിൽ പത്ത് ക്യാമറകൾ സജ്ജീകരിച്ച് രണ്ടുദിവസംകൊണ്ടാണ് ആ രംഗം ചിത്രീകരിച്ചത്. യഥാർത്ഥ മത്സരം എന്ന് തോന്നിപ്പിക്കുകയും വേണ്ടിയിരുന്നു. ആ പത്ത് ക്യാമറയുടെ ദൃശ്യങ്ങളും ഞങ്ങൾക്ക് കിട്ടിയില്ല.' ഐശ്വര്യ പറഞ്ഞു.

വിഷ്ണുവും അപ്പായും ഉൾപ്പെടെയുള്ള നടന്മാർ അടുത്ത പടത്തിനുവേണ്ടി ഗെറ്റപ്പ് മാറ്റിയിരുന്നു. പോയ ദൃശ്യങ്ങൾ തിരിച്ചെടുക്കാനുംപറ്റിയില്ല, റീ ഷൂട്ട് ചെയ്യാനുമായില്ല. പക്ഷേ അപ്പായും വിഷ്ണുവും റീ ഷൂട്ടിന് റെഡിയായിരുന്നു. പിന്നീട് കയ്യിലുള്ള ദൃശ്യങ്ങൾവെച്ച് എഡിറ്റ് ചെയ്താണ് സിനിമ റിലീസ് ചെയ്തത്. അതൊരു വെല്ലുവിളിയായിരുന്നുവെന്നും കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.