മുംബൈ: രജനികാന്തിന്റെ മൊയ്തീൻ ഭായ് എന്ന കഥാപാത്രം ലാൽ സലാം ചിത്രത്തെ നെഗറ്റീവായി ബാധിച്ചെന്ന് ഐശ്വര്യ രജനികാന്ത്. മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടുവെന്നും അങ്ങനെ മൊയ്തീൻ ഭായിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായി ലാൽ സലാം മാറിയെന്നും ഐശ്വര്യ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രജനികാന്ത് ഒരു സിനിമയിലുണ്ടെങ്കിൽ അദ്ദേഹത്തെക്കുറിച്ചായിരിക്കണം ആ ചിത്രം. മറ്റൊന്നും കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല. അതാണ് രജനികാന്തിന്റെ വ്യക്തിത്വം- ഐശ്വര്യ കൂട്ടിച്ചേർത്തു.

'ചിത്രത്തിൽ മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടു. ഇത് കഥയെ മാറ്റി. ആദ്യം കഥാപാത്രത്തിന് പത്ത് മിനിറ്റ് സ്‌ക്രീൻ ടൈം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അദ്ദേഹം കഥയിലേക്ക് വന്നപ്പോൾ, ഞങ്ങൾക്ക് പരിമിതപ്പെടുത്താൻ കഴിഞ്ഞില്ല. കാരണം 10 മിനിറ്റ് കഥാപാത്രം അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കും. അങ്ങനെ മൊയ്തീൻ ഭായിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായിമാറി.

ഒരു സിനിമയിൽ രജനികാന്ത് ഉണ്ടെങ്കിൽ, അത് അദ്ദേഹത്തെ കുറിച്ചായിരിക്കണം, കാരണം പ്രേക്ഷകർ മറ്റൊന്നും കാണാൻ ആഗ്രഹിക്കുന്നില്ല. അതാണ് രജനികാന്തിന്റെ വ്യക്തിത്വം. അദ്ദേഹം മറ്റെല്ലാം മറയ്ക്കും. ചിത്രത്തിൽ നിന്ന് ഞാൻ പഠിച്ച പാഠമാണ്'- ഐശ്വര്യ പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ഐശ്വര്യ രജനികാന്ത് ചിത്രമാണ് ലാൽ സലാം. രജനികാന്ത് കാമിയോ റോളിലെത്തിയ ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. തിയറ്ററുകളിൽ വൻ പരാജയമായിരുന്നു.